Kerala

ഇലന്തൂരിൽ ആറുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

ഇലന്തൂരിൽ ആറുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മഞ്ചാടിയിലെ ലബോറട്ടറി നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. നായയുടെ ശരീരം പഞ്ചായത്ത് വാഹനത്തിൽ തിരുവല്ല മഞ്ഞാടിയിലെ ഏവിയൻ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിലെത്തിച്ചാണ് പരിശോധന നടത്തിയത്. വ്യാഴാഴ്ച കടിയേറ്റ തോമസ് തലപ്പായിലിൻറെ വീട്ടിലെ വളർത്ത് നായയ്ക്കും കടിയേറ്റിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെയാണ് നായയെ ചത്തനിലയിൽ കണ്ടെത്തിയത്. ഇലന്തൂർ എട്ടാം വാർഡിൽ സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് നായയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇലന്തൂരിലെ മണ്ണും ഭാഗം, ഇലന്തൂർ വെസ്റ്റ്, ഇലന്തൂർ വാർഡുകളിൽ താമസിക്കുന്നവർക്കാണ് കടിയേറ്റത്.

ഇലന്തൂർ പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ ഗിരിജ നെടുമ്പുറത്ത്, ഉണ്ണികൃഷ്ണൻ നെടുമ്പുറത്ത്, ഇലന്തൂർ ചന്തയിൽ കട നടത്തുന്ന സി.എം. തോമസ് തലപ്പായിൽ, ഇലന്തൂർ ചന്തയിൽ തയ്യൽ കട നടത്തുന്ന ഓമന പൂവത്തൂർ അടിമുറിയിൽ, ജലജാ ശ്രീപുണ്യം, ഇലന്തൂർ നഴ്സിങ്‌ കോളേജ് വിദ്യാർഥി അമൽ എന്നിവർക്കാണ് വ്യാഴാഴ്ച നായയുടെ കടിയേറ്റത്.