India Kerala

കള്ളവോട്ട് ആരോപണത്തില്‍ വോട്ടര്‍മാര്‍ ഒപ്പിട്ട രജിസ്റ്റര്‍ പരിശോധിക്കുമെന്ന് ജില്ലാ കലക്ടര്‍

ഇടുക്കി ഉടുമ്പന്‍ചോലയിലെ കള്ളവോട്ട് ആരോപണത്തില്‍ വോട്ടര്‍മാര്‍ ഒപ്പിട്ട രജിസ്റ്റര്‍ പരിശോധിക്കുമെന്ന് ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍. തെരഞ്ഞെടുപ്പ് രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂം തുറക്കുന്നതിന് വേണ്ടി സ്ഥാനാര്‍ഥികള്‍ക്ക് നോട്ടീസ് നല്‍കി. ചൊവാഴ്ച്ച സ്ഥാനാര്‍ഥികളുമായി ചര്‍ച്ച നടത്തുമെന്നും ഇടുക്കി ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

ഉടുമ്പന്‍ചോല മണ്ഡലത്തിലെ 66, 69 ബൂത്തുകളില്‍ കള്ളവോട്ട് നടന്നുവെന്ന് കാട്ടി ഇടുക്കി ഡിസിസി പ്രസിഡന്‍റ് ഇബ്രാഹീംകുട്ടി കല്ലാറും യുഡിഎഫ് ജില്ലാ നേതൃത്വവുമാണ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്. രഞ്ജിത്ത് എന്നയാള്‍ രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് രണ്ട് ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി. രഞ്ജിത്തിനെ ഹിയറിംഗിന് കലക്ടര്‍ വിളിപ്പിച്ചെങ്കിലും കള്ളവോട്ട് നടത്തിയിട്ടില്ലെന്നായിരുന്നു മറുപടി.

ബൂത്ത് ലവല്‍ ഓഫീസര്‍മാരുമായി കലക്ടര്‍ രണ്ടുദിവസം വിശദമായി ചര്‍ച്ച നടത്തിയിരുന്നു. രണ്ട് ബൂത്തുകളില്‍ ഒന്നില്‍മാത്രമാണ് സിസി ടിവി സംവിധാനം ഉണ്ടായിരുന്നത്. അതിനാല്‍ കള്ളവോട്ട് നടന്നിട്ടുണ്ടോയെന്ന് അറിയാന്‍ വോട്ടര്‍മാര്‍ ഒപ്പിട്ട രജിസ്റ്റര്‍ സ്ട്രോങ് റൂം തുറന്ന് പരിശോധിക്കാനാണ് തീരുമാനം.

തെരഞ്ഞെടുപ്പ് രേഖകള്‍ സൂക്ഷിക്കുന്ന സ്ട്രോങ്റൂം തുറക്കാനായി സ്ഥാനാര്‍ഥികള്‍ക്ക് ജില്ലാ കലക്ടര്‍ നോട്ടീസ് നല്‍കി. ചൊവാഴ്ച സ്ഥാനാര്‍ഥികളുമായി നടത്തുന്ന ചര്‍ച്ചയില്‍ സ്ട്രോങ് റൂം എന്ന് തുറക്കണമോയെന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ എച്ച് ദിനേശ് വ്യക്തമാക്കി. രണ്ടിടത്തും രഞ്ജിത്തിന്‍റെ ഒപ്പ് ഉണ്ടെങ്കില്‍ ഇയാള്‍ ക്രിമിനല്‍ നടപടി നേരിടേണ്ടിവരുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.