Kerala

ബെന്നി ബെഹനാന്‍റെ രാജിയിലേക്ക് നയിച്ചത് എ ഗ്രൂപ്പിലെ വടംവലി: കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം

എം എം ഹസന് വേണ്ടി ഇരട്ട പദവി ചൂണ്ടിക്കാട്ടി സ്ഥാനം ഒഴിയണമെന്ന് സ്വന്തം ഗ്രൂപ്പിൽ നിന്ന് ആവശ്യം ഉയർന്നതായിരുന്നു ബെന്നി ബെഹനാന്‍റെ അതൃപ്തിക്ക് കാരണം.

കെ മുരളീധരൻ ഉന്നയിച്ച പരാതിയും യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നുള്ള ബെന്നി ബെഹനാന്‍റെ രാജിയും ഉണ്ടാക്കിയ തർക്കം കോൺഗ്രസിൽ മൂർച്ഛിക്കുകയാണ്. കെ മുരളീധരൻ കെപിസിസിയോടുള്ള അതൃപ്തി പരസ്യമാക്കിയതിൽ മുതിർന്ന നേതാക്കൾക്ക് നീരസമുണ്ട്. തെരഞ്ഞെടുപ്പുകൾ അടുത്ത സാഹചര്യത്തിൽ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാനാണ് നീക്കം.

എ, ഐ ഗ്രൂപ്പുകളിലെ തർക്കമായിരുന്നു കോൺഗ്രസിലെ പ്രശ്നമെങ്കിൽ ഇപ്പോൾ എ ഗ്രൂപ്പിനകത്തെ വടംവലിയാണ് പ്രധാനമായും അലട്ടുന്നത്. എം എം ഹസന് വേണ്ടി ഇരട്ട പദവി ചൂണ്ടിക്കാട്ടി സ്ഥാനം ഒഴിയണമെന്ന് സ്വന്തം ഗ്രൂപ്പിൽ നിന്ന് ആവശ്യം ഉയർന്നതായിരുന്നു ബെന്നി ബെഹനാന്‍റെ അതൃപ്തിക്ക് കാരണം. ഒടുവിൽ നേതാക്കളോട് പരാതി പറഞ്ഞിട്ടാണ് ബെന്നി പടിയിറങ്ങിയത്. ഒരാൾക്ക് ഒരു പദവിയെന്ന ആവശ്യം പരോക്ഷമായി ഉന്നയിച്ചായിരുന്നു രാജി.

ബെന്നിയുടെ രാജിക്ക് മണിക്കൂറുകൾക്ക് ശേഷം കെ മുരളീധരനും ഒരാൾക്ക് ഒരു പദവിയെന്ന ആവശ്യം പരസ്യമാക്കി. മാത്രവുമല്ല രാജിക്ക് കാരണം കെപിസിസി നേതൃത്വമാണെന്ന കാര്യവും തുറന്നു പറഞ്ഞു. പരസ്യ പ്രസ്താവനക്ക് വിലക്കുള്ളപ്പോഴാണ് മുരളീധരൻ പരാതി പരസ്യമാക്കിയത്. ഇതോടെ കോൺഗ്രസിൽ തർക്കം രൂക്ഷമാകുമെന്ന് ഉറപ്പായി. സർക്കാർ വിരുദ്ധ സമരങ്ങളിലൂടെ യുഡിഎഫ് സജീവമാകുന്നതിനിടയിലാണ് കോൺഗ്രസിൽ പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. തർക്കം കൂടുതൽ വഷളാകുന്നതിന് മുൻപ് ഒതുക്കി തീർക്കാനുള്ള ശ്രമത്തിലാണ് കെപിസിസി നേതൃത്വം.