നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് നിലവിൽ ഉപഗോഗിക്കുന്ന ഫോണും പഴയ ഫോണുകളും പരിശോധിക്കുന്നു. കൂടാതെ സംവിധായകന്റെ മൊഴിയിൽ പറയുന്ന തോക്ക് കണ്ടെത്താനുള്ള ശ്രമവും ക്രൈംബ്രാഞ്ച് അന്വേഷണസംഘം നടത്തുന്നു. ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലിൽ ദിലീപിന്‍റെ കയ്യിൽ തോക്ക് ഉണ്ടായിരുന്നുവെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ആ തോക്കെവിടെ എന്ന് കൂടിയാണ് അന്വേഷണസംഘം തിരയുന്നത്.
ഇതോടൊപ്പം നടിയെ ആക്രമിച്ച് പൾസർ സുനി പകർത്തിയ ദൃശ്യങ്ങൾ ആലുവയിലെ വീട്ടിലിരുന്ന് ദിലീപ് കണ്ടുവെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിൽ ഈ ദൃശ്യങ്ങൾക്ക് വേണ്ടി സൈബർ വിദഗ്ധരും തെരച്ചിൽ നടത്തുന്നു. അന്വേഷണ ഉദ്യോഗസ്ഥരെത്തിയപ്പോൾ വീട്ടിൽ ദിലീപ് ഉണ്ടായിരുന്നില്ല. റെയ്ഡ് തുടങ്ങി അരമണിക്കൂറിനകമാണ് വെള്ള ഇന്നോവ കാറിൽ ദിലീപ് എത്തിയത്. റെയ്ഡ് തുടങ്ങിയ ഉടൻ സഹോദരൻ അനൂപും സ്ഥലത്ത് എത്തി.
റെയ്ഡ് അഞ്ച് മണിക്കൂർ പിന്നിടുമ്പോൾ, ദിലീപിന്‍റെ അഭിഭാഷകർ ആലുവയിലെ ‘പത്മസരോവരം’ എന്ന വീട്ടിലെത്തിയിട്ടുണ്ട്. പത്മസരോവരത്തിൽ പരിശോധന നടത്തുന്നത് ഇരുപത് അംഗ സംഘമാണ്. പരിശോധന സംഘം വീട്ടിൽ കയറിയത് മതിൽ ചാടിയാണ്.
ആലുവ പറവൂർക്കവലയിലെ ദിലീപിന്‍റെ വീട്, സഹോദരൻ അനൂപിന്‍റെ വീട്, ദിലീപിന്‍റെയും അനൂപിന്‍റെയും സിനിമാനിർമാണക്കമ്പനി ഗ്രാൻഡ് പ്രൊഡക്ഷൻസിന്‍റെ കൊച്ചി ചിറ്റൂർ റോഡിലുള്ള ഓഫീസ് എന്നിവിടങ്ങളിലാണ് നിലവിൽ റെയ്ഡുകൾ പുരോഗമിക്കുന്നത്. ദിലീപിന്‍റെയും സഹോദരന്‍റെയും വീട്ടിൽ എസ്പി മോഹനചന്ദ്രന്‍റെ നേതൃത്വത്തിലാണ് റെയ്ഡ്. ഗ്രാൻഡ് പ്രൊഡക്ഷൻസിൽ ഡിവൈഎസ്പി ബിജു പൗലോസിന്‍റെ നേതൃത്വത്തിലാണ് റെയ്ഡ്.