നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്റെ കയ്യിലുള്ള മെമ്മറി കാര്‍ഡിലെ ഉള്ളടക്കം ലഭ്യമാക്കാനായി ദിലീപ് സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീം കോടതി വിധി ഇന്ന്. ജസ്റ്റിസ് എ.എം ഖാന്‍ വില്‍ക്കര്‍ അധ്യക്ഷനായ രണ്ടംഗ ബഞ്ചാണ് വിധി പറയുന്നത്. ദിലീപിന്റെ ആവശ്യത്തെ സര്‍ക്കാറും നടിയും കോടതിയില്‍ എതിര്‍ത്തിരുന്നു.
മെമ്മറി കാര്‍ഡ് തൊണ്ടിമുതലാണെങ്കിലും ഉള്ളടക്കം രേഖയാണെന്നും അതിനാല്‍ അത് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ദിലീപ് സമര്‍പ്പിച്ച ഹരജിയിൽ നേരത്തെ വാദം കേള്‍ക്കൽ പൂര്‍ത്തിയായിരുന്നു.
വാട്ടര്‍മാര്‍ക്കിട്ടാണെങ്കിലും ദൃശ്യങ്ങൾ അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. മെമ്മറി കാര്‍ഡിലെ ഉള്ളടക്കം രേഖയാണെങ്കിലും ദൃശ്യങ്ങള്‍ നല്‍കരുതെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. ഇതിന് പുറമെ ഹരജിയെ എതിര്‍ത്ത് നടിയും കോടതിയെ സമീപിച്ചിരുന്നു. കാര്‍ഡിലെ ഉള്ളടക്കം അനുവദിക്കുന്നത് തന്റെ സ്വകാര്യതക്ക് മേലുള്ള കയ്യേറ്റമാണെന്ന് കാണിച്ചാണ് നടി കോടതിയെ സമീപിച്ചിരുന്നത്. പ്രതിയെന്ന നിലയിൽ ദൃശ്യങ്ങള്‍ കാണണമെങ്കില്‍ വിചാരണക്കോടതിയുടെ അനുമതിയോടെ കാണാവുന്നതേയുള്ളൂവെന്നും നടി രേഖാമൂലം കോടതിയെ അറിയിച്ചിരുന്നു. ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേഷ് മഹേഷ്വരി എന്നിവരടങ്ങുന്ന ബഞ്ച് ഇന്ന് രാവിലെ 10.30ന് വിധി പറയും.