നടി അക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിചാരണക്കോടതിയിൽ ഇന്ന് വീണ്ടും വാദം തുടരും. പ്രതിഭാഗത്തിന്റെ വാദമാണ് കോടതിയിൽ നടക്കുക. കേസിൽ ബാലചന്ദ്രകുമാർ ഹാജരാക്കിയ പെൻ ഡ്രൈവിന്റെ ശാസ്ത്രീയ പരിശോധന ഫലവും ഇന്ന് കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കിയേക്കും.നടിയെ അക്രമിച്ച കേസിൽ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധിക്കണമെന്ന പ്രോസിക്യൂഷൻ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
നടി അക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ധാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷൻ വിചാരണ കോടതിയെ സമീപിച്ചത്.തുടരന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ സംഘം കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു പ്രോസിക്യൂഷൻ നീക്കം. കേസിൽ സാക്ഷികളെ സ്വാധീനിക്കാനടക്കം ദിലീപ് നീക്കം നടത്തിയെന്നാണ് പ്രോസിക്യൂഷൻ ആരോപണം.ദിലീപ് അടക്കമുള്ളവരുടെ ഫോണിൽ നിന്ന് കണ്ടെത്തിയ ശബ്ദ രേഖകൾ അടക്കം കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷൻ വാദം പൂർത്തിയതോടെ പ്രതിഭാഗത്തിന്റെ വാദമാണ് കോടതിയിൽ നടക്കുന്നത്. കേസിൽ ദിലീപിന് എതിരെ തെളിവുകൾ ഇല്ലെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചിരുന്നു. പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകളുടെ ആധികാരത പരിശോധിക്കണമെന്നും പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ബാലചന്ദ്രകുമാർ ഹാജരാക്കിയ പെൻഡ്രൈവിന്റെ ശാസ്ത്രീയ പരിശോധന ഫലം സംബന്ധിച്ച വിവരങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചേക്കും.
അതേസമയം, നടിയെ അക്രമിച്ച കേസിൽ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധിക്കണമെന്ന പ്രോസിക്യൂഷൻ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. മെമ്മറികാർഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം.നേരത്തെ പ്രോസിക്യൂഷന്റെ ഈ ആവശ്യം വിചാരണക്കോടതി തള്ളിയിരുന്നു.