നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഒന്നാം പ്രതിയും സിനിമാ നടനുമായ ദിലീപിന്റേതടക്കം ആറ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ്, ചെങ്ങമനാട് സ്വദേശി ബൈജു, അപ്പു, ആലുവ സ്വദേശി ശരത് എന്നിവരാണ് മുൻകൂർ ജാമ്യം തേടിയ മറ്റുള്ളവർ. ( dileep bail petition )
കെട്ടിച്ചമച്ച കേസും വ്യാജ തെളിവുകളും കൊണ്ട് പോലീസ് വേട്ടയാടുന്നുവെന്നാണ് പ്രതികളുടെ ആരോപണം. എന്നാൽ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിട്ടുണ്ട്. അതേസമയം കേസുമായി ബന്ധപ്പെട്ട് തനിക്കെതിരായ മാധ്യമ വിചാരണ അവസാനിപ്പിക്കാൻ ഇടപെടണമെന്ന ദിലീപിന്റെ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.
അതിനിടെ, നടിയെ അക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിലെ വിഐപി ദിലീപിന്റെ സുഹൃത്ത് ആലുവ സ്വദേശി ശരത് ജി നായരാണെന്ന് സൂചന. ശരത്തിന്റെ വീട്ടിലും ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിന്റെ ഫ്‌ളാറ്റിലും ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. ശരത് ജി നായരിലേക്ക് അന്വേഷണം എത്തിയത് ശബ്ദസാമ്പിളുകളിലെ സാമ്യത കൊണ്ടാണെന്ന് ക്രൈം ബ്രാഞ്ച് എസ്പി മോഹനചന്ദ്രൻ പറഞ്ഞു. എന്നാൽ ശരത് തന്നെയാണ് വിഐപിയെന്ന് ഉറപ്പിക്കാൻ ചില വിവരങ്ങൾ കൂടി ലഭിക്കേണ്ടതുണ്ട്.
ശരത് ഒളിവിലാണെന്നും എസ്പി വ്യക്തമാക്കി. ശരത്തിന്റെ വീട്ടിലെ റെയ്ഡിൽ സിം കാർഡുകളും ,മെമ്മറി കാർഡുകളും,മൊബൈൽ ഫോണുകളും അന്വേഷണ സംഘം പിടിച്ചെടുത്തു. ദിലീപും ശരത്തും തമ്മിലുള്ള സ്ഥല ഇടപാടുകളുടെ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. നേരത്തെ ശരത്തിനെ ചോദ്യം ചെയ്യാൻ വിളിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല.