Kerala

മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിൽ അദ്ദേഹം തൃപ്തികരമായ മറുപടി നൽകിയോ? അക്കാദമിക് പർപ്പസെന്ന പേരിൽ ചോദ്യവുമായി വി.ടി. ബൽറാം

മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിൽ അദ്ദേഹം തൃപ്തികരമായ മറുപടി നൽകിയെന്ന് എത്ര പേർ വിശ്വസിക്കുന്നു എന്ന ചോദ്യവുമായി മുൻ എം.എൽ.എ വി.ടി. ബൽറാം രം​ഗത്ത്. ഫെയ്സ്ബുക്കിലൂടെയാണ് അക്കാദമിക് പർപ്പസ് എന്ന പേരിൽ അദ്ദേഹം ജനങ്ങളോട് അഭിപ്രായം ചോദിച്ചിരിക്കുന്നത്.

” മുഖ്യമന്ത്രിക്കും ചുറ്റിലുമുള്ളവർക്കും നേരെ ഉയർന്നു വന്നിരിക്കുന്ന ഗുരുതരമായ ആരോപണങ്ങൾക്ക് അദ്ദേഹം തൃപ്തികരമായ മറുപടി നൽകിക്കഴിഞ്ഞിട്ടുണ്ട്, ഇനി കൂടുതലായൊന്നും അദ്ദേഹം കേരളത്തോട് വിശദീകരിക്കേണ്ടതില്ല എന്ന് കരുതുന്ന എത്ര പേർ ഉണ്ട് ഇവിടെ? അക്കാദമിക് പർപ്പസ് ”- വി.ടി. ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിക്കും മകൾക്കും എതിരായ ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണെന്നാണ് മാത്യു കുഴൽനാടൻ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട് താൻ ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ കമ്പനിയുമായി ബന്ധപ്പെട്ട വെബ്സൈറ്റിന്റെ എഡിറ്റ് ഹിസ്റ്ററി പ്രദർശിപ്പിച്ച് മാത്യു കുഴൽനാടൻ ഇന്നലെ രംഗത്തെത്തിയിരുന്നു. നിർണായക വിവരങ്ങൾ ഒഴിവാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. ജെയ്‌ക് ബാലകുമാറിന്റെ പേര് മാറ്റിയതെന്തിനെന്ന് അറിയണം. വീണയുടെ കമ്പനി എക്സോലോജിക് സിംഗിൾ ഡയറക്ടർ കമ്പനിയെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.

സ്വപ്നയ്ക്ക് ജോലി നൽകിയത് PWCയാണ്. സ്വപ്‍ന സുരേഷിന് സെക്രട്ടേറിയറ്റിൽ ജോലി ലഭിച്ചത് പ്രൈസ് വാട്ടർ കൂപ്പേഴ്‌സ് വഴിയാണ്. വീണയുടെ ഐ ടി കമ്പനിയിൽ ജെയ്‌ക് ബാലകുമാറിനെ പറ്റി വിവരങ്ങളുണ്ടായിരുന്നു. വ്യക്തിപരമായി അടുപ്പമുണ്ടെന്നും മെന്ററും ഗൈഡുമെന്നും വെബ്‌സൈറ്റിൽ ഉണ്ടായിരുന്നു. വിവാദമുണ്ടായപ്പോൾ 2020 മെയ് മാസത്തിൽ സൈറ്റ് ഡൗൺ ആയി, വിവരങ്ങൾ ഡിലീറ്റ് ചെയ്‌തു. എന്തുകൊണ്ട് വിവരങ്ങൾ ഡിലീറ്റ് ചെയ്‌തതെന്നും മാത്യു കുഴൽനാടൻ ചോദിച്ചു. കമ്പനിയുടെ മൂന്ന് കൺസൾട്ടന്റുമാരിൽ ഒരാളാണ് ജെയ്‌ക് ബാലകുമാറെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.

താൻ പറഞ്ഞതിൽ ഒരു വരിയോ അക്ഷരമോ പോലും പിൻവലിക്കാൻ തയ്യാറല്ലെന്നും ആരോപണം തെളിയിക്കാനുള്ള ബാധ്യത ഏറ്റെടുക്കുന്നു എന്നുമാണ് മാത്യു കുഴൽനാടന്റെ പ്രതികരണം. ‘എനിക്ക് ഉത്തമ ബോധ്യമുള്ള കാര്യങ്ങളെ കുറിച്ചാണ് ഞാൻ പറഞ്ഞത്. മുഖ്യമന്ത്രി ഒച്ചവെക്കുമ്പോൾ ചുരുണ്ടുകൂടിയിരിക്കുന്ന പലരേയും കണ്ടിട്ടുണ്ടാവും. എന്നെ ആ ഗണത്തിൽ പെടുത്തണ്ട. ഇന്നു വരെ അദ്ദേഹത്തോട് വളരെ ബഹുമാനത്തോടുകൂടിയും ആദരവോടുകൂടിയും മാത്രമേ പെരുമാറിയിട്ടുള്ളൂ’- എംഎൽഎ കൂട്ടിച്ചേർത്തു. നിമയസഭാ സമ്മേളനത്തിൽ വെച്ച് മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിലാണ് എം.എൽ.എയുടെ ആരോപണങ്ങളോട് പ്രതികരിച്ചത്. വീട്ടിലിരിക്കുന്നവർക്കെതിരെ എന്തും വിളിച്ച് പറയാമെന്ന് ധരിക്കരുതെന്നും ഇനി ഇത് ആവർത്തിക്കരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.