Kerala

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയതായും ഡിജിപി അറിയിച്ചു

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം. വീട്ടുനിരീക്ഷണം ലംഘിക്കുന്നവരെയും വാഹനങ്ങളിലെ അമിത യാത്രക്കാരെയും കണ്ടെത്താന്‍ മിന്നല്‍ പരിശോധന നടത്തും. ബൈക്ക് പട്രോള്‍, ഷാഡോ ടീം എന്നിവയുടെ സേവനം ഇതിനായി ഉപയോഗിക്കും. വീട്ടുനിരീക്ഷണം ലംഘിക്കുന്നവരെ സര്‍ക്കാരിന്റെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയതായും ഡിജിപി അറിയിച്ചു.

ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍, കാറുകള്‍ എന്നിവയില്‍ അനുവദനീയമായതില്‍ കൂടുതല്‍ പേര്‍ യാത്രചെയ്യുന്നത് നിരുത്സാഹപ്പെടുത്തുമെന്നും ഇത്തരം പ്രവണതകള്‍ തടയുന്നതിനായി വാഹനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തുമെന്നും ട്രാഫിക്കിനു കാര്യമായ തടസ്സമുണ്ടാകാത്ത തരത്തില്‍ ആവശ്യമായ സ്ഥലങ്ങളില്‍ ബാരിക്കേഡ് സ്ഥാപിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ചിലര്‍ മാസ്‌ക് ഉപയോഗിക്കുകയും ഹെല്‍മെറ്റ് ധരിക്കാതിരിക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഹെല്‍മെറ്റ് ഉപയോഗിക്കുന്നവര്‍ മാസ്‌ക് ധരിക്കാത്തതായും കണ്ടുവരുന്നു. ഇത്തരം സംഭവങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി വ്യക്തമാക്കി.