ക്ഷേത്രങ്ങളിലെ ആർഎസ്എസ് ശാഖാ വിവാദത്തിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്ത ഗോപൻ. സർക്കുലറിൽ എവിടെയും ആർഎസ്എസിന്റെ പേര് പറയുന്നില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്ത ഗോപൻ. ക്ഷേത്രത്തിന്റെ വിശ്വാസവും പരിശുദ്ധിയും കാത്തു സംരക്ഷിക്കുവാനാണ് സർക്കുലറെന്നും അനന്തഗോപൻ വ്യക്തമാക്കി. ( devaswom board president about new circular )
ഒരു സംഘടനയുടെയും പരിശീലനമോ പരിപാടികളോ ക്ഷേത്രത്തിന്റെ കണക്കിൽ നടത്താൻ പാടില്ല. ഇതിനാവശ്യമായ പരിശോധനകൾ ഉദ്യോഗസ്ഥർ നടത്തും. അതിനുള്ള നിർദ്ദേശം മാത്രമാണ് സർക്കുലർ. ബിജെപി നേതാക്കളുടെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് വിവാദത്തിൽ കെ അനന്ത ഗോപൻ ട്വന്റിഫോറിനോട് വ്യക്തമാക്കി.
അതേസമയം, ക്ഷേത്രവളപ്പുകളിൽ ആർഎസ്എസ് ശാഖകളെ വിലക്കിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ട്വന്റിഫോറിനോട് പറഞ്ഞു. നിയമാനുസൃതമായാണ് ശാഖകൾ പ്രവർത്തിക്കുന്നതെന്നും പിണറായി വിജയനല്ല ആര് വിചാരിച്ചാലും അതിന് ഒരു പോറൽ പോലും ഏൽപ്പിക്കാൻ കഴിയില്ലെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. നിരോധിക്കാൻ വന്നാൽ ഒന്നിച്ചിറങ്ങി കേരളത്തിൽ കൂടുതൽ ശാഖകൾ നടത്തുമെന്ന് സുരേന്ദ്രൻ വെല്ലുവിളിച്ചു.