India Kerala

കോവിഡ് ഭീതിക്കിടെ ആശങ്കയുയർത്തി ഡെങ്കിപ്പനിയും

പത്തനംതിട്ടയിൽ ഇതുവരെയുള്ള കണക്കനുസരിച്ച് കഴിഞ്ഞ വർഷത്തേക്കാൾ രണ്ട് ഇരട്ടി ആളുകൾക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു

കോവിഡ് ഭീതിക്കിടെ ആശങ്കയുയർത്തി ഡെങ്കിപ്പനിയും ,എലിപ്പനിയും. പത്തനംതിട്ടയിൽ ഇതുവരെയുള്ള കണക്കനുസരിച്ച് കഴിഞ്ഞ വർഷത്തേക്കാൾ രണ്ട് ഇരട്ടി ആളുകൾക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എലിപ്പനിയും ജില്ലയിൽ വർധിച്ചതായാണ് കണക്കുകൾ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു നാല് മാസത്തെ കാലയളവിൽ രണ്ടിരട്ടി ആളുകൾക്കാണ് ജില്ലയിൽ ഇത് വരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 2019 ലെ ആദ്യ നാല് മാസങ്ങളിൽ 29 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചതെങ്കിൽ ഈ വര്‍ഷം കഴിഞ്ഞ നാല് മാസത്തിനിടെ 90 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

ജില്ലയിലെ വെച്ചൂച്ചിറ, നാറാണംമൂഴി, കുറ്റൂർ മേഖലകളിലാണ് ഡെങ്കിപനി കൂടുതലായും റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം 35പേർക്കാണ് ഇതേ കാലയളവിൽ എലിപ്പനി റിപ്പോർട്ട് ചെയ്തതെങ്കിൽ ഈ വർഷം കഴിഞ്ഞ നാല് മാസത്തിനിടെ 49 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. റാന്നി, ആറന്മുള പഞ്ചായത്തുകളിലാണ് കൂടുതൽ രോഗബാധിതരുള്ളത്. കോവിഡ് ഭീതിക്കിടെ മറ്റു രോഗങ്ങളും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നതിൽ ആരോഗ്യവകുപ്പും ജാഗ്രത പുലർത്തുന്നുണ്ട്. പ്രതിരോധ നടപടികളുടെ ഭാഗമായി പ്രാഥമിക സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ ഉറവിടനശീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും. വെള്ളക്കെട്ടുള്ള മേഖലകളിൽ എലിപ്പനിക്കുള്ള ഗുളികകളും സൗജന്യമായി നൽകുന്നുണ്ട്.