India Kerala

ദീപുവിന്റെ മരണം സിപിഐഎം നേതൃത്വത്തിന്റെ അറിവോടെ: വി.പി.സജീന്ദ്രന്‍

ദീപുവിന്റെ മരണം സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയെന്ന് മുന്‍ എംഎല്‍എ വി.പി.സജീന്ദ്രനും ആരോപിച്ചു. എംഎല്‍എയുടെ പ്രോത്സാഹനമില്ലാതെ ഇത്തരം അക്രമം ഉണ്ടാകില്ലെന്നും ഭരണകക്ഷി പിന്തുണ പ്രതികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും വി.പി.സജീന്ദ്രന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
ഭരണകക്ഷി പിന്തുണ പ്രതികള്‍ക്ക് ലഭിച്ചിട്ടുണ്ട്. പത്ത് വര്‍ഷത്തിന് ശേഷം എംഎല്‍എയെ കിട്ടുമ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ നടത്തുന്ന പ്രവര്‍ത്തനം എംഎല്‍എയുടെ അറിവോടെയായിരിക്കുമല്ലോ, അത് തീര്‍ച്ചയായിരിക്കും. സിപിഎം നേതൃത്വത്തിന്റെ അറിവോടെയും പിന്തുണയോടെയും ആണ് കൊലപാകം നടന്നത്. പ്രതികളെ പൊലീസ് വേഗത്തില്‍ പിടികൂടിയില്ലായിരുന്നെങ്കില്‍ പാര്‍ട്ടി വെറെ പ്രതികളെ നല്‍കിയിരുന്നേനെയെന്നും വി.പി.സജീന്ദ്രന്‍ ആരോപിച്ചു.

അതേസമയം, ട്വന്റി ട്വന്റി പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് ട്വന്റി ട്വന്റി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ്. മുന്‍കൂട്ടി പതിയിരുന്ന സംഘമാണ് ദീപുവിനെ ആക്രമിച്ചത്. അദൃശ്യമായ സംഭവമല്ല നടന്നത്. പ്രതികള്‍ക്ക് എംഎല്‍എയുമായി അടുത്ത ബന്ധമാണുള്ളതെന്നും സാബു എം.ജേക്കബ് പറഞ്ഞു.
സ്ട്രീറ്റ് ചലഞ്ചില്‍ എംഎല്‍എ നടത്തിയ ഇടപെടലില്‍ തികച്ചും സമാധാനപരമായ സമരമാണ് ട്വന്റി ട്വന്റി നടത്തിയത്. അങ്ങനെയാണ് വീടുകളിലിരുന്ന് ലൈറ്റ് അണച്ച് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. ട്വന്റി ട്വന്റിയുടെ ഏരിയ സെക്രട്ടറിയായ ദീപു ലൈറ്റ് അണക്കുന്ന കാര്യം വീടുകള്‍ തോറും കയറി ഇറങ്ങി പറയുന്നതിനിടയിലാണ് അദ്ദേഹം ആക്രമിക്കുന്നത്. മുന്‍കൂട്ടി പതിങ്ങിയിരുന്ന സംഘം ദീപുവിനെ ആക്രമിക്കുകയായിരുന്നു. ക്രൂരമായി മര്‍ദനമാണ് ദീപുവിനു നേരെയുണ്ടായത്. സംഭവം അറിഞ്ഞ് അവിടുത്തെ വാര്‍ഡ് മെമ്പര്‍ സ്ഥലത്തെത്താന്‍ 15 മിനിട്ട് എടുത്തു. അതുവരെ അദ്ദേഹത്തെ മര്‍ദിച്ചു.വളരെ വിദഗ്ധമായ രീതിയിലുള്ള കൊലപാതകമാണ് നടന്നിരിക്കുന്നത്. പുറമെ ബാഹ്യമായി ഒരു പരിക്കുകളും ഉണ്ടായിരുന്നില്ല. എന്നാല്‍ ആന്തരികമായി വലിയ പരിക്കാണുണ്ടായിരുന്നത്. ഒരു രാഷ്ട്രീയ നേതാവിന്റെ കുരുട്ടു ബുദ്ധിയില്‍ ചെയ്ത കൊലപാതകമാണിത്. ആക്രമിച്ചതിന് ശേഷം ആശുപത്രിയില്‍ പോയാല്‍ ദീപുവിന്റെ കുടുംബത്തെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഇതേതുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റിട്ടും ദീപു വീട്ടില്‍ കയറിയിരുന്നു. ഞായറാഴ്ച രാവിലെയും വീട്ടിന് മുന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ കാവലായിരുന്നു. ഞായറാഴ്ച ബക്കറ്റ് പിരിവിന് പോയപ്പോള്‍ ദീപുവിന് കുഴപ്പമില്ലായിരുന്നുവെന്നാണ് സിപിഎം പറയുന്നത്. എന്നാല്‍ ബക്കറ്റ് പിരിവിനല്ല, ദീപുവിനെ ഭീഷണിപ്പെടുത്തുന്നതിനാണ് സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ പോയതെന്നും സാബു എം.ജേക്കബ് ആരോപിക്കുന്നു.