മലപ്പുറം പാണമ്പ്രയില്‍ നടുറോഡില്‍ വെച്ച് സഹോദരിമാരെ യുവാവ് മര്‍ദ്ദിച്ച സംഭവത്തില്‍ പെണ്‍കുട്ടികള്‍ക്കെതിരെ മുസ്ലിംലീഗിന്റെ പ്രാദേശിക നേതാക്കളുടെ സൈബര്‍ ആക്രമണത്തില്‍ സഹോദരിമാര്‍ അടുത്തദിവസം മജിസ്‌ട്രേറ്റിന് മൊഴി നല്‍കും. പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരപ്പനങ്ങാടി പൊലീസ് പിടിച്ചെടുക്കും. കേസിലെ പ്രധാന ദൃക്ഷാസാക്ഷിയായ വിഡിയോ ചിത്രീകരിച്ച യുവാവിനെ കണ്ടെത്താനുള്ള ശ്രമവുമായി പൊലീസ് .
അതേസമയം, കേസില്‍ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധം ഉയരുകയാണ്. എല്ലാ വശങ്ങളും പരിശോധിച്ചശേഷം മാത്രമേ അറസ്റ്റുണ്ടാകുവെന്ന നിലപാടിലാണ് പൊലീസ്. പെണ്‍കുട്ടികള്‍ സഞ്ചരിച്ച ബൈക്ക് മോട്ടോര്‍വാഹന വകുപ്പ് പരിശോധിച്ചു. എന്നാല്‍ നിര്‍ണായകമായ വിഡിയോ ചിത്രീകരിച്ചയാളെ ഇതുവരെയും കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. ഈ സാഹചര്യത്തില്‍ ഇയാള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി.
വരും ദിവസം തന്നെ സൈബര്‍ ആക്രമണത്തില്‍ പെണ്‍കുട്ടികള്‍ മജിസ്‌ട്രേറ്റിന് മൊഴി നല്‍കും. കരിങ്കലത്താണി സ്വദേശിനികളായ അസ്ന കെ.അസീസ്, ഹംന കെ.അസീസ് എന്നിവര്‍ക്കെതിരെയാണ് സമൂഹ മാധ്യമങ്ങളില്‍ ലൈംഗിക ചുവയോടെയുള്ള സൈബര്‍ ആക്രമണം നടക്കുന്നത്. ലീഗിന്റെ നേതാവും തിരൂരങ്ങാടി മുനിസിപ്പല്‍ കമ്മിറ്റി ട്രഷററുമായ റഫീഖ് പാറയ്ക്കലാണ് സമൂഹമാധ്യമത്തില്‍ യുവതികള്‍ക്കെതിരെ മോശമായി പോസ്റ്റിട്ടത്. ഇതിനെതിരെ യുവതികള്‍ പരപ്പനങ്ങാടി പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കുന്നത്. തുടര്‍ന്ന് സൈബര്‍ ആക്രമണത്തിനുപയോഗിച്ച മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും അറസ്റ്റുള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങുമെന്നുമാണ് സൂചന.
അപകടകരമായ ഡ്രൈവിങ് ചോദ്യം ചെയ്ത സഹോദരിമാരെ യുവാവ് നടുറോഡില്‍ വച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ തേഞ്ഞിപ്പാലം പൊലീസ് വീണ്ടും പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പ്രതിയായ സി.എച്ച്.ഇബ്രാഹിം ഷബീറിനെതിരെ വധശ്രമത്തിന് കേസ് എടുക്കണമെന്നാണ് യുവതികളുടെ അവശ്യം.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ പൊലീസിന് നേരത്തെ ലഭ്യമായിട്ടുണ്ടെന്നും കേസ് ഒതുക്കി തീര്‍ക്കുന്നതിന്റെ ഭാഗമായി പൊലീസ് മനപൂര്‍വ്വം ദൃശ്യങ്ങള്‍ പുറത്തു വിടാതെ സൂക്ഷിച്ചതാണെന്നുമുള്ള ആരോപണം ഉയര്‍ന്നിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്ക് ആവശ്യമായ നിയമ സഹായം നല്‍കുമെന്ന് തിരൂരങ്ങാടിയിലെ ഡിവൈഎഫ്‌ഐ നേതാക്കള്‍ അറിയിച്ചു.