മലപ്പുറം പാണമ്പ്രയിൽ നടുറോഡിൽ വെച്ച് സഹോദരിമാരെ യുവാവ് മർദ്ദിച്ച സംഭവത്തിൽ പെൺകുട്ടികൾക്കെതിരെ മുസ്ലിംലീഗിന്റെ പ്രാദേശിക നേതാക്കളുടെ സൈബർ ആക്രമണം. കരിങ്കലത്താണി സ്വദേശിനികളായ അസ്‌ന കെ അസീസ്, ഹംന കെ അസീസ് എന്നിവർക്കെതിരെയാണ് സമൂഹ മാധ്യമങ്ങളിൽ ലൈംഗിക ചുവയോടെയുള്ള സൈബർ ആക്രമണം നടക്കുന്നത്. ലീഗിന്റെ നേതാവും തിരൂരങ്ങാടി മുനിസിപ്പൽ കമ്മിറ്റി ട്രഷററുമായ റഫീഖ് പാറയ്ക്കലാണ് സമൂഹമാധ്യമത്തിൽ യുവതികൾക്കെതിരെ മോശമായി പോസ്റ്റിട്ടത്. ഇതിനെതിരെ യുവതികൾ പരപ്പനങ്ങാടി പൊലീസിൽ പരാതി നൽകി. ഡ്രൈസിങ്ങിനെപ്പറ്റിയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലും ഫേക്ക് ഐഡികളിലൂടെ കമന്റുകൾ വരുകയാണെന്ന് യുവതികൾ പറയുന്നു.
ഇത്രയും മോശമായ തരത്തിൽ സൈബർ ആക്രമണമുണ്ടായിട്ടും ലീഗിന്റെ ഉത്തരവാദിത്തപ്പെട്ട ഒരു നേതാവും വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും മറ്റ് പാർട്ടിക്കാർ നല്ല പിന്തുണയാണ് നൽകിയതെന്നും പെൺകുട്ടികൾ പറയുന്നു. മതവിദ്വേഷം പ്രചരിപ്പിക്കൽ, ലൈംഗിക ചുവയോടെയുള്ള സംസാരം തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചാണ് യുവതികൾ പരപ്പനങ്ങാടി പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പൊലീസിൻ്റെ വീഴ്ച ചൂണ്ടിക്കാട്ടി യുവതികൾ ജില്ലാ പൊലീസ് മേധാവിക്ക് നേരത്തേ പരാതി നൽകിയിരുന്നു.
അപകടകരമായ ഡ്രൈവിങ് ചോദ്യം ചെയ്ത സഹോദരിമാരെ യുവാവ് നടുറോഡിൽ വച്ച് മർദ്ദിച്ച സംഭവത്തിൽ പൊലീസ് കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചുവെന്ന ആരോപണം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ തേഞ്ഞിപ്പാലം പൊലീസ് വീണ്ടും പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പ്രതിയായ സിഎച്ച് ഇബ്രാഹിം ഷബീറിനെതിരെ വധശ്രമത്തിന് കേസ് എടുക്കണമെന്നാണ് യുവതികളുടെ അവശ്യം.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ പൊലീസിന് നേരത്തെ ലഭ്യമായിട്ടുണ്ടെന്നും കേസ് ഒതുക്കി തീർക്കുന്നതിൻ്റെ ഭാഗമായി പൊലീസ് മനപൂർവ്വം ദൃശ്യങ്ങൾ പുറത്തു വിടാതെ സൂക്ഷിച്ചതാണെന്നുമുള്ള ആരോപണം ഉയർന്നിട്ടുണ്ട്. പെൺകുട്ടികൾക്ക് ആവശ്യമായ നിയമ സഹായം നൽകുമെന്ന് തിരൂരങ്ങാടിയിലെ ഡിവൈഎഫ്ഐ നേതാക്കൾ അറിയിച്ചു.