കൂടത്തായി കൂട്ട കൊലപാതക കേസിൽ തെളിവ് ശേഖരിക്കാൻ എത്തിയ വിദഗ്ധസംഘം പൊന്നാമറ്റം വീട്ടിൽ നിന്നും സയനൈഡ് കണ്ടെടുത്തു. മുഖ്യപ്രതി ജോളിയെ വീണ്ടും തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് സുപ്രധാന തെളിവ് കണ്ടെടുക്കാനായത്.
ഐ.സി.ടി എസ്.പി ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ വിദഗ്ധ സംഘമാണ് ജോളിയെ വീണ്ടും തെളിവെടുപ്പിനായി പൊന്നാമറ്റം വീട്ടിലെത്തിച്ചത്. രാത്രി ഒമ്പതരയോടെ വീട്ടിലെത്തി തെളിവെടുപ്പ് ആരംഭിച്ചെങ്കിലും ആദ്യം സയനൈഡ് സൂക്ഷിച്ച് സ്ഥലം തനിക്ക് ഓർമ്മയില്ലയെന്ന മറുപടിയായിരുന്നു ജോളി നൽകിയത്. പിന്നീട് രണ്ടര മണിക്കൂർ നീണ്ട പരിശോധനയ്ക്കിടെ അടുക്കളയുടെ ഭാഗത്തുനിന്നും ജോളി തന്നെ സയനെഡ് കണ്ടെടുത്തു നൽകുയായിരുന്നു. സ്വയം ജീവനൊടുക്കാനായാണ് സയനൈഡ് കരുതിയതെന്നായിരുന്നു വിദഗ്ധ സംഘത്തോട് ജോളി പറഞ്ഞത് . 6 മരണങ്ങളുമായി ബന്ധപ്പെട്ടും വിദഗ്ധ സംഘം പ്രത്യേകം പ്രത്യേകം തെളിവുകൾ ശേഖരിക്കും.
ടോം തോമസിന്റെയും അന്നമ്മയുടെയും റോയി തോമസിന്റെയും മരണങ്ങൾ നടന്ന വീട്ടിൽ നിന്ന് വൈകിട്ട് ആറുമണി മുതൽ തന്നെ വിദഗ്ധ സംഘം തെളിവുകൾ ശേഖരിച്ചു തുടങ്ങിയിരുന്നു. പിന്നീടാണ് ജോളിയെ നേരിട്ട് എത്തിച്ച് തെളിവെടുപ്പ് ആരംഭിച്ചത്. അയൽ വീടുകളിൽ നിന്നു കൂടി സംഘം വിവരങ്ങൾ ചോദിച്ചറിഞ്ഞു.
കഴിഞ്ഞ ദിവസം ഉച്ചയോടെ അന്വേഷണ സംഘത്തിൽ പെട്ട പേരാമ്പ്ര സി.ഐ കെ.കെ ബിജു കുറ്റ്യാടി സി.ഐ സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘങ്ങൾ വീട്ടിലെത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കിയിരുന്നു. ടോം തോമസിന്റെയും അന്നമ്മയുടെയും കൊലപാതകങ്ങൾ അന്വേഷിക്കുന്ന സംഘം അയൽവാസികളിൽ നിന്നു കൂടി മൊഴിയെടുത്തിരുന്നു. പിന്നീടാണ് വിദഗ്ധ സംഘം എത്തിയത്. വീടിനകത്തും പുറത്തും വിശദമായിതന്നെ പരിശോധന നടത്തിയ ശേഷം രാത്രി 12 മണി കഴിഞ്ഞാണ് സംഘം പൊന്നാമറ്റത്തു നിന്നും മടങ്ങിയത്.