India Kerala

10 ദിവസത്തിനകം പൊതുസ്ഥലങ്ങളിലെ ഫ്ലക്സുകള്‍ നീക്കിയില്ലെങ്കില്‍ ക്രിമിനല്‍ കേസെടുക്കും

10 ദിവസത്തിനകം പൊതുസ്ഥലങ്ങളിലെ ഫ്ലക്സുകളും ബാനറുകളും നീക്കിയില്ലെങ്കില്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർക്കും ഫീൽഡ് ജീവനക്കാർക്കുമെതിരെ നടപടിക്ക് ഹൈകോടതി നിർദേശം. അനധികൃത ബോർഡുകളും മറ്റും സ്ഥാപിക്കുന്നവര്‍ക്കെതിരെ പിഴക്കൊപ്പം ക്രിമിനല്‍ കേസും എടുക്കണമെന്നാണ് കോടതി ഉത്തരവ്. കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്നും ഹൈക്കോടതി ഡി.ജി.പിയോട് ആവശ്യപ്പെട്ടു.

അനധികൃതമായി ഫ്ളക്സ് ബോര്‍ഡുകളും ബാനറുകളം കൊടിതോരണങ്ങളും സ്ഥാപിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം, പൊലീസ് ആക്ട് തുടങ്ങിയവയിലെ വിവിധ വകുപ്പുകള്‍ ചേർത്ത് കേസെടുക്കാന്‍ പൊലീസിന് നിർദേശം നൽകിക്കൊണ്ടുള്ള സർക്കുലർ പുറപ്പെടുവിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഡി.ജി.പിക്ക് നിർദേശം നൽകി. മുൻ ഇടക്കാല ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിരവധി ഉത്തരവുകളും സര്‍ക്കുലറുകളും ഇറക്കിയെങ്കിലും പുതിയ ബോര്‍ഡുകള്‍ വ്യാപകമായി പ്രത്യക്ഷപ്പെടുകയാണെന്ന് കോടതി നിരീക്ഷിച്ചു. 10 ദിവസത്തിന് ശേഷവും നീക്കം ചെയ്യാതെ അനധികൃത ബോർഡുകളും ബാനറുകളും ഉണ്ടെങ്കിൽ സെക്രട്ടറിമാര്‍ക്കും ഫീല്‍ഡ് സ്റ്റാഫിനുമായിരിക്കും വ്യക്തിപരമായ ഉത്തരവാദിത്തം. അനധികൃത ബോർഡുകളുമായി ബന്ധപ്പെട്ട് 2018 ഒക്ടോബർ 28ന് കോടതി നിർദേശിച്ച താരിഫും പിഴയും ഇവരില്‍ നിന്ന് ഈടാക്കും. ആവശ്യമെങ്കിൽ റിക്കവറി നടപടികളും സ്വീകരിക്കാമെന്ന് കോടതി വ്യക്തമാക്കി. 10 ദിവസത്തിന് ശേഷം ജില്ലാ കലക്ടര്‍മാര്‍ പരിശോധന നടത്തി വേണം സെക്രട്ടറി, ഫീല്‍ഡ് സ്റ്റാഫ് എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കാൻ.

നീക്കം ചെയ്യുന്ന ബോര്‍ഡുകള്‍ മാലിന്യം കൂട്ടിയിടുന്ന പൊതുസ്ഥലങ്ങളിലേക്ക് നീക്കാതെ അവ സ്ഥാപിച്ചവര്‍ക്ക് തന്നെ തിരികെ നല്‍കുകയും അവരില്‍ നിന്ന് ഫീസും പിഴയും ഈടാക്കുകയും വേണം. ബോര്‍ഡ് തിരികെ നല്‍കിയ ശേഷം സെക്രട്ടറി നല്‍കുന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കണം. ഡി.ജി.പി ഇക്കാര്യത്തില്‍ പൊലീസിന് നിര്‍ദേശം നല്‍കി ഉത്തരവിറക്കണം. അനധികൃത ബോര്‍ഡ് നിരോധനം ഉറപ്പാക്കാന്‍ നേരത്തെ നിയമിച്ച രണ്ടു നോഡല്‍ ഓഫീസര്‍മാരും പരാജയപ്പെട്ട സാഹചര്യത്തിൽ ഓരോ ജില്ലയിലും നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്ന് കോടതി നിർദേശിച്ചു.