India Kerala

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. അധോലോക കുറ്റവാളി രവി പൂജാരിയെ പ്രതി ചേര്‍ത്താണ് കേസ് ഫയല്‍ ക്രൈംബ്രാഞ്ചിന് കൈമാറിയത്.

കൊച്ചി സിറ്റി പൊലീസ് അന്വേഷിച്ചിരുന്ന കേസാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. കൊച്ചി സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുക. തൃക്കാക്കര അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണര്‍ക്കായിരുന്നു നേരത്തെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസിന്റെ അന്വേഷണ ചുമതല.

വിദേശത്ത് അറസ്റ്റിലായെന്ന് സൂചനയുള്ള മുംബൈയിലെ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയെ കേസില്‍ പ്രതി ചേര്‍ത്തിരുന്നു. വിദേശത്ത് അറസ്റ്റിലായെന്ന് സൂചനയുള്ള രവി പൂജാരിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് നേരത്തെ ഇൻറർപോളിനെ സമീപിച്ചിരുന്നു. ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിൽ പ്രതിയാണെന്നും തെളിവെടുപ്പിന് ആവശ്യമാണെന്നും കാണിച്ചാണ് കത്തയച്ചത്.

വെടിവെപ്പിന്‍റെ മുഖ്യ സൂത്രധാരൻ രവി പൂജാരി തന്നെയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ബൈക്കിലെത്തിയ രണ്ടംഗസംഘം വെടിയുതിർത്ത് മടങ്ങുമ്പോൾ രവി പൂജാരിയുടെ പേരെഴുതിയ കടലാസ് സ്ഥലത്ത് ഉപേക്ഷിച്ചിരുന്നു. 25 കോടി ആവശ്യപ്പെട്ട് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ പൂജാരി ഫോണിൽ ബന്ധപ്പെട്ടതായി നടി ലീന മരിയപോളും മൊഴിയും നൽകിയിരുന്നു. റെക്കോർഡ് ചെയ്‌ത ഫോൺ സംഭാഷണം പരിശോധിച്ച് ശബ്ദം പൂജാരിയുടേതെന്ന് ഉറപ്പിച്ചതിനെ തുടര്‍ന്നാണ് കേസില്‍ രവി പൂജാരിയുടെ ബന്ധം പൊലീസ് ഉറപ്പിച്ചത്.