കൂടത്തായി കൂട്ടക്കൊലപാതകത്തില്‍ അന്വേഷണ സംഘം ഇന്ന് കൂടുതല്‍ പേരെ ചോദ്യം ചെയ്തേക്കും. വ്യാജമായി ഒസ്യത്ത് ഉണ്ടാക്കി എന്ന പരാതിയിലും അന്വേഷണം ശക്തമായി. കൂടത്തായി വില്ലേജ് ഓഫീസില്‍ ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി തഹസില്‍ദാറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് ഇന്ന് ജില്ലാ കളക്ടര്‍ക്ക് കൈമാറും.
വ്യാജമായി ഒസ്യത്ത് ഉണ്ടാക്കിയ സംഭവത്തില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീയെ അന്വേഷണ സംഘം ഇന്നലെ ചോദ്യം ചെയ്തു. കൂടാതെ ജോളി ഉണ്ടാക്കിയ ഒസിയത്തില്‍ പതിച്ച തന്റെ ഒപ്പ് വ്യാജമായി നിര്‍മ്മിച്ചതാണെന്നാരോപിച്ച് എന്‍.ഐ.ടി ജീവനക്കാരന്‍ മഹേഷ് രംഗത്ത് വന്നു. സി.പി.എം പ്രാദേശിക നേതാവാണ് ഇതിന് പിന്നില്ലെന്നും മഹേഷ് ആരോപിച്ചു. അതേസമയം വ്യാജമായി ഒസിയത്തുണ്ടാക്കിയെന്ന പരാതിയില്‍ ലാന്‍ഡ് റവന്യൂ ഡെപ്യുട്ടി തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള സംഘം കൂടത്തായി വില്ലേജ് ഓഫീസ് പരിശോധിച്ചു.
കൂടത്തായി കൂട്ടകൊലപാതകത്തില്‍ അന്വേഷണസംഘത്തിന്‍റെ നിരീക്ഷണത്തിലുണ്ടായിരുന്ന പൊതുപ്രവര്‍ത്തകരെ ഇന്ന് ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്. ജോളിയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്ന് സംശയിക്കുന്ന രാമകൃഷ്ണന്റെ മരണം സംബന്ധിച്ചും അന്വേഷണം ഊര്‍ജ്ജിതമാക്കി. രാമകൃഷ്ണനെയും ജോളിയെയും ബന്ധിപ്പിക്കുന്ന കണ്ണികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.