Kerala

മഞ്ചേശ്വരം കോഴക്കേസ്; കെ.സുരേന്ദ്രനെതിരെ പുതിയ വകുപ്പ് ചുമത്തി ക്രൈംബ്രാഞ്ച്

മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പുതിയ വകുപ്പ് ചുമത്തി. ക്രൈംബ്രാഞ്ചിന്റെ ഇടക്കാല റിപ്പോര്‍ട്ടിലാണ് സുരേന്ദ്രനെതിരെ പുതിയ വകുപ്പ് ചുമത്തിയത്. പട്ടിക ജാതി, പട്ടിക വര്‍ഗ അതിക്രമം തടയല്‍ വകുപ്പ് ചുമത്തിയാണ് ക്രൈംബ്രാഞ്ച് നടപടി. കേസില്‍ സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് പ്രതികളാണുള്ളത്.

കെ. സുരേന്ദ്രനാണ് കേസിലെ മുഖ്യപ്രതി. കാസര്‍ഗോഡ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസില്‍ ജനപ്രാതിനിധ്യ നിയമത്തിലെ 171 ബി, ഇ വകുപ്പുകള്‍ക്ക് പുറമെ അന്യായമായി തടങ്കലില്‍ വയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ നേരത്തെ ചുമത്തിയിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ബി.എസ്.പി സ്ഥാനാര്‍ഥിയായ കെ സുന്ദരയ്ക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ രണ്ട് ലക്ഷം രൂപ കോഴയായി നല്‍കിയെന്നാണ് കേസ്. കേസില്‍ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ അന്വേഷണഘട്ടത്തില്‍ ചോദ്യം ചെയ്തിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു ഒരു വര്‍ഷം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതില്‍ വിമര്‍ശനം ഉയരുന്നതിനിടെയാണ് അന്വേഷണസംഘത്തിന്റെ പുതിയ നടപടി.