India Kerala

യു.എ.പി.എ ചുമത്തപ്പെട്ട വിദ്യാര്‍ത്ഥികളെ സി.പി.എമ്മില്‍ ‍ നിന്ന് പുറത്താക്കിയേക്കുമെന്ന് സൂചന

കോഴിക്കോട് പന്തീരാങ്കാവില്‍ യു.എ.പി.എ ചുമത്തപ്പെട്ട വിദ്യാര്‍ത്ഥികളെ സി.പി.എമ്മില്‍ ‍ നിന്ന് പുറത്താക്കിയേക്കുമെന്ന് സൂചന. സി.പി.എം നിയോഗിച്ച മൂന്നംഗ കമ്മീഷന്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സൌത്ത് ഏരിയ കമ്മിറ്റിയാണ് കമ്മീഷനെ നിയോഗിച്ചത്.

സി.പി.എം മീഞ്ചന്ത ബൈപ്പാസ് ബ്രാഞ്ച് കമ്മിറ്റി അംഗമായ അലൻ ഷുഹൈബും ചുങ്കം ബ്രാഞ്ചംഗമായ താഹ ഫസലും മാവോയിസ്റ്റനുകൂല നിലപാടിന്റെ പേരിൽ യു.എ.പി.എ ചുമത്തി അറസ്റ്റിലായത് സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കിയിരുന്നു. വിദ്യാർത്ഥികൾ കൂടിയായ ഇരുവർക്കുമെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ ശക്തമായ വിമർശനവും സി.പി.എമ്മിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. അതേ സമയം തന്നെ ഇരുവരെ കുറിച്ചും അന്വേഷിക്കാൻ തന്നെയാണ് സി.പി.എം തീരുമാനം .

സംഭവം പാർട്ടിയെ ദോഷമായി ബാധിക്കുമെന്ന വിലയിരുത്തൽ സി.പി.എം നേതാക്കൾക്കിടയിലുണ്ട്. ഇത് കണക്കിലെടുത്താണ് സി.പിഎം അന്വേഷണ കമ്മീഷനെ വെയ്ക്കുന്നത്. 10-ാം തിയതിക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് സൗത്ത് ഏരിയ കമ്മിറ്റിയുടെ നിർദ്ദേശം . ഇരുവരുടേയും ബന്ധുക്കളെയും സുഹൃത്തുക്കളെയും പാർട്ടി പ്രവർത്തകരെയും കണ്ട് കാര്യങ്ങൾ അന്വേഷിക്കും. മുൻപ് നടന്ന പാർട്ടി യോഗങ്ങളിലെ ഇവരുടെ നിലപാടും പരിശോധിക്കും. ഇരുവരെയും പാർട്ടിക്കുള്ളിൽ നിന്ന് പുറത്താക്കുമെന്നാണ് വിവരം. പക്ഷേ സി.പി.എം പ്രവർത്തകരും അനുഭാവികളുമായ ഇരു കുടുംബങ്ങളെയും കാര്യങ്ങൾ ബോധിപ്പിച്ചതിന് ശേഷം മാത്രമേ നടപടി ഉണ്ടാകൂ.