കോടതിവിലക്കിനിടയിലും സി.എം.പി കണ്ണന് വിഭാഗം സി.പി.എമ്മില്‍ ലയിച്ചു. കൊല്ലത്ത് നടന്ന ലയനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. സി.എം.പിയില്‍ നിന്നെത്തിയവര്‍ക്ക് പാര്‍ട്ടി അര്‍ഹമായ പരിഗണന നല്‍കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
സി.എം.പി സ്ഥാപകനായ എം.വി രാഘവന്റെ മകന് എം.വി രാജേഷിന്റെ ഹരജിയില്‍ ഇന്നലെയാണ് സി.എം.പി-സി.പി.എം ലയനം എറണാകുളം മുന്‍സിഫ് കോടതി വിലക്കിയത്. എന്നാല്‍ വിലക്കിനിടയിലും ലയനസമ്മേളനവുമായി പാര്‍ട്ടി മുന്നോട്ട് പോവുകയായിരുന്നു.
സി.എം.പി ജനറല്‍ സെക്രട്ടറി എം.കെ കണ്ണന് അവതരിപ്പിച്ച പ്രമേയം കയ്യടിച്ച് പാസാക്കിയതോടെ സി.എം.പി എന്ന പാര്‍ട്ടി സി.പി.എമ്മിന്റെ ഭാഗമായി. യു.ഡി.എഫിന്റെ ഭാഗമായ സി.പി ജോണ്‍ നേതൃത്വം നല്കുന്ന ചെറുവിഭാഗം മാത്രമായിരിക്കും സി.എം.പി എന്ന പാര്‍ട്ടിയായി ഇനി അവശേഷിക്കുക.
മുഖ്യമന്ത്രി പിണറായി വിജയന് ലയനസമ്മേളനം ഉദ്ഘാടനം ചെയ്തു. ഇടതുപാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കേണ്ട, ഉചിതമായ സമയത്താണ് സി.എം.പിയുടെ ലയനമെന്ന് മുഖ്യമന്ത്രി.
പാര്‍ട്ടിസ്ഥാപകനായ എം.വി രാഘവനും ലയനം ആഗ്രഹിച്ചിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. സി.പി.എമ്മിലേക്കെത്തിയവര്ക്ക് അര്‍ഹമായ പരിഗണനയെന്നും കോടിയേരിയുടെ വാഗ്ദാനം. സി.എം.പി നേതാക്കളായിരുന്ന പാട്യം രാജന്, എം.കെ കണ്ണന് എന്നിവര്‍ക്ക് പുറമെ പാര്‍ട്ടി സ്ഥാപകന്‍ എം.വി.ആറിന്റെ മക്കളായ എം.വി ഗിരിജയും, എം.വി നികേഷ് കുമാറും സമ്മേളനത്തില്‍ പങ്കെടുത്തു.
1986ലാണ് ബദല്‍രേഖയുടെ പേരില്‍ എം.വി രാഘവന് സി.പി.എമ്മില്‍ നിന്ന് പുറത്താകുന്നത്. പിന്നീട് സി.പി.എമ്മിനെ വെല്ലുവിളിച്ച് രൂപീകരിക്കപ്പെട്ട സി.എം.പി 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അതേ സി.പി.എമ്മില്‍ ലയിക്കുന്നത്.