സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസ് വധക്കേസിൽ ഇൻക്വസ്റ്റ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. ഹരിദാസിന്റെ ശരീരത്തിൽ ഇരുപതിലധികം വെട്ടുകളുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. ഇടതുകാൽ മുറിച്ചുമാറ്റിയ നിലയിലാണ്. കൂടുതൽ മുറിവുകളും അരയ്ക്കു താഴേയ്ക്കാണെന്നും റിപ്പോർട്ടിൽ പറയുന്നു.
മുറിവുകളുടെ എണ്ണം കണക്കാക്കാൻ കഴിയാത്ത വിധമാണ്. ഒരേ വെട്ടിൽ തന്നെ തുടരെ വെട്ടി. അതി ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. വീട്ടുമുറ്റത്തുവച്ചാണ് കൊലപാതകം നടന്നത്. രാഷ്ട്രീയ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാറായിട്ടില്ല. വിവാദ പ്രസംഗം നടത്തിയ ബിജെപി കൗൺസിലർ ലിജേഷിനെ കസ്റ്റഡിയിൽ എടുക്കുമെന്നും കമ്മിഷണർ ആർ. ഇളങ്കോ പറഞ്ഞു.
ഹരിദാസ് വധക്കേസിൽ ഏഴു പേർ കസ്റ്റഡിയിലാണ്. കേസ് പ്രത്യേക സംഘം അന്വേഷിക്കും. ആറു സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുമെന്നും ആർ. ഇളങ്കോ അറിയിച്ചു. തലശേരി ന്യൂമാഹിക്കടുത്ത് ഇന്നു പുലർച്ചെ ഒന്നരയോടെയാണ് സിപിഎം പ്രവർത്തകൻ പുന്നോൽ സ്വദേശി ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയത്. മത്സ്യത്തൊഴിലാളിയായ ഹരിദാസ് ജോലി കഴിഞ്ഞു മടങ്ങവെ വീടിനു സമീപത്തുവച്ചായിരുന്നു കൊലപാതകം. രണ്ടു ബൈക്കുകളിലായെത്തിയ സംഘമാണ് കൊലയ്ക്കു പിന്നിലെന്ന് റിപ്പോർട്ട്. കൊലപാതകത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.