സ്വർണ്ണക്കടത്ത് വിവാദത്തിൽ പ്രതിരോധം ശക്തമാക്കാനൊരുങ്ങി എൽഡിഎഫ്. പ്രതിപക്ഷ ആരോപണങ്ങൾക്കെതിരെ ജനകീയ ക്യാമ്പയിൻ നടത്താനാണ് നീക്കം. നാളെ നടക്കുന്ന ഇടതുമുന്നണി യോഗത്തിൽ അന്തിമ തീരുമാനമാകും. സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും യോഗം ചേരും. ഈ മാസം 24 മുതൽ 26 വരെയാണ് നേതൃയോഗങ്ങൾ ചേരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വർണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ പാർട്ടികൾ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തിയത്. കോഴിക്കോട്ടേക്കും മലപ്പുറത്തേക്കുമുള്ള യാത്ര മധ്യേ മുഖ്യമന്ത്രി വ്യാപകമായ കരിങ്കൊടി പ്രതിഷേധമാണ് നേരിട്ടത്.
പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കിയതോടെ മുഖ്യമന്ത്രിയുടെ സുരക്ഷ കർശനമാക്കിയിരിക്കുകയാണ് പൊലീസ്. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാൻ തന്നെയാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. ഇന്ന് കണ്ണൂരിലെ പൊതു പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. ഇതിന്റെ പശ്ചാതലത്തിൽ കണ്ണൂരിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തളിപ്പറമ്പ് മുതൽ പൊക്കുണ്ട് വരെയാണ് ഗതാഗത നിയന്ത്രണം. ഇതുവഴി വരുന്ന വാഹനങ്ങളെ വഴിതിരിച്ചുവിടുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. രാവിലെ ഒമ്പതു മുതൽ 12 വരെയാണ് ഗതാഗത നിയന്ത്രണമുണ്ടായിരിക്കുക.