Kerala

സിബിഐയെ സിപിഎമ്മിന് ഭയമെന്ന് കോണ്‍ഗ്രസ്

ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസ് മുഖ്യമന്ത്രിയിലേക്ക് എത്തുമെന്നറിഞ്ഞപ്പോഴാണ് സിപിഎം നേതാക്കള്‍ക്ക് നെഞ്ചിടിപ്പ് കൂടിയതെന്ന് ചെന്നിത്തല

സംസ്ഥാനത്ത് സിബിഐയെ വിലക്കാനുള്ള തീരുമാനം അധാർമികമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വടക്കാഞ്ചേരി ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസ് മുഖ്യമന്ത്രിയിലേക്ക് എത്തുമെന്നറിഞ്ഞപ്പോഴാണ് സിപിഎം നേതാക്കള്‍ക്ക് നെഞ്ചിടിപ്പ് കൂടിയത്. സിബിഐയെ വിലക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സിബിഐയെ സിപിഎം ഭയപ്പെടുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. അഖിലേന്ത്യാ തലത്തിലും ഇതേ നിലപാട് തന്നെയാണോ സിപിഎമ്മിനുള്ളതെന്ന് വ്യക്തമാക്കണം. സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള കേസുകൾ കേന്ദ്ര ഏജൻസികള്‍ തന്നെയാണ് അന്വേഷിക്കേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേസുകള്‍ അന്വേഷിക്കാന്‍ സിബിഐയ്ക്ക് സര്‍ക്കാര്‍ നല്‍കിയ പൊതുസമ്മതം ഒഴിവാക്കിയുള്ള ഉത്തരവ് കേരളം ഉടന്‍ പുറത്തിറക്കും. ഡല്‍ഹിക്ക് പുറത്ത് കേസുകള്‍ എടുക്കണമെങ്കില്‍ സിബിഐയ്ക്ക് അതാത് സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വേണം. അല്ലെങ്കില്‍ ഹൈക്കോടതിയോ സുപ്രീംകോടതിയോ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കണം. ക്രിമനല്‍ കേസുകളുടെ കാര്യത്തില്‍ ഇപ്പോഴും അതുതന്നെയാണ് രീതിയും കീഴ്വഴക്കവും.

എന്നാല്‍ അഴിമതി കേസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നല്‍കിയ പൊതുസമ്മതം നിലനില്‍ക്കുന്നുണ്ട്. സിബിഐയില്‍ നിന്ന് രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകുന്നുവെന്ന് മനസിലാക്കി ആന്ധ്ര, ബംഗാള്‍, രാജസ്ഥാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നേരത്തെ തന്നെ അന്വേഷണത്തിന് നല്‍കിയ പൊതുസമ്മതം പിന്‍വലിച്ചിരിന്നു. ലൈഫ് പദ്ധതിയില്‍ സിബിഐ അന്വേഷണം ആരംഭിച്ചതോടെയാണ് കേരളം അത്തരത്തിലുള്ള ആലോചനകള്‍ ആരംഭിച്ചത്.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും സമാനമായ തീരുമാനങ്ങള്‍ എടുത്തിരുന്നത് കൊണ്ട് പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചാലും അതിനെ മറികടക്കാമെന്നാണ് ഇടത് മുന്നണിയുടെ കണക്കുകൂട്ടല്‍.