മത്സരിക്കുന്ന നാല് സീറ്റുകളിലും വിജയമുറപ്പിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് സി.പി.ഐ. പേയ്മെന്റ് സീറ്റ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ഇത്തവണ ജനകീയ മുഖത്തെ കണ്ടെത്താനുള്ള ശ്രമവും നേതൃതലത്തില്‍ നടക്കുന്നുണ്ട്.ചില മണ്ഡലങ്ങളില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനും സി.പി.ഐ ആലോചിക്കുന്നുണ്ട്.
തിരുവനന്തപുരം,മാവേലിക്കര,തൃശൂര്‍,വയനാട് എന്നീ സീറ്റുകളിലാണ് സി.പി.ഐ കഴിഞ്ഞ തവണ മത്സരിച്ചത്. ഇത്തവണയും ഇതില്‍ മാറ്റം വരാനുള്ള സാധ്യത വിരളമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പ് അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ പ്രത്യേക ശ്രദ്ധ പാര്‍ട്ടി നേതൃത്വം വച്ച് പുലര്‍ത്തുന്നുണ്ട്. പേയ്മെന്റ് സീറ്റ് വിവാദത്തിലൂടെ ഉണ്ടായ നാണക്കേട് ഇല്ലാതാക്കാന്‍ നേതൃനിരയില്‍ നിന്നുതന്നെ ഒരാള്‍ മത്സരിക്കണമെന്നാവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്.കാനം രാജേന്ദ്രന്റേയും പന്ന്യന്‍ രവീന്ദ്രന്റേയും പേര് ഉയര്‍ന്നെങ്കിലും, മല്‍സരത്തിനില്ലെന്ന നിലപാടിലാണ് ഇരുവരും. ദേശീയ നേതൃത്വത്തിലുള്ള ആനി രാജ,രാജ്യസഭാ എം.പിയാണെങ്കിലും ബിനോയ് വിശ്വം എന്നിവരുടെ പേരുകള്‍ പാര്‍ട്ടി പരിഗണിക്കുന്നുണ്ട്.
ഡബ്ബിംങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി,നമ്പി നാരായണന്‍ എന്നിവരുടെ പേരുകളും കേള്‍ക്കുന്നുണ്ട്. വനിത മതിലിന് ശേഷം ഇടത്പക്ഷവുമായി അടുത്ത് നില്‍ക്കുന്ന പുന്നല ശ്രീകുമാറിന്റെ പേരിനാണ് മാവേലിക്കരയില്‍ പ്രഥമ പരിഗണന. ചിറ്റയം ഗോപകുമാറിന്റെ പേരും പരിഗണന പട്ടികയിലുണ്ട്. തൃശൂര്‍ എം.പി സി.എന്‍ ജയദേവന്‍ വീണ്ടും മല്‍സര രംഗത്തുണ്ടാവുമോ എന്നുറപ്പില്ല. അദ്ദേഹത്തിനു സീറ്റു കിട്ടിയില്ലെങ്കില്‍ കെ.പി രാജേന്ദ്രന്റെ പേരാണ് പരിഗണിക്കുന്നത്.വയനാട് സംസ്ഥാന കൗണ്‍സിലംഗം പി.പി.സുനീര്‍,സത്യന്‍ മൊകേരി എന്നിവരുടെ പേരുകളും കേള്‍ക്കുന്നുണ്ട്.
അധികം സീറ്റുകള്‍ ചോദിക്കില്ലെങ്കിലും സാഹചര്യങ്ങള്‍ പരിഗണിച്ച് ചില സീറ്റുകള്‍ വച്ച് മാറുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്. എന്തായാലും മാര്‍ച്ച് 3,4 തിയതികളില്‍ നടക്കുന്ന സംസ്ഥാന നേതൃയോഗങ്ങളിലുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് അന്തിമ രൂപം നല്‍കാനാണ് സി.പി.ഐ ആലോചിക്കുന്നത്.