Kerala

സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ ഡ്രൈ റണ്‍ ഇന്ന് നാല് ജില്ലകളില്‍

കോവിഡ് വാക് സിന്‍ വിതരണം ചെയ്യുന്നതിന്‍റെ കാര്യക്ഷമത ഉറപ്പാക്കുന്നതിനായി ഇന്ന് സംസ്ഥാനത്ത് ഡ്രൈ റണ്‍ നടക്കും. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിലാണ് ഡ്രൈ റണ്‍. രാവിലെ 9 മുതല്‍ 11 വരെയാണ് ഡ്രൈറണ്‍.

തിരുവനന്തപുരം ജില്ലയിലെ പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രി, കിംസ് ആശുപത്രി, ഇടുക്കിയിലെ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട്ടെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രം, വയനാട്ടെ കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്.

25 ആരോഗ്യപ്രവര്‍ത്തകര്‍ വീതമാണ് ഡ്രൈ റണില്‍ പങ്കെടുക്കുക. ആരോഗ്യപ്രവര്‍ത്തകരുടെ വിവരങ്ങള്‍ കോവിന്‍ ആപ്ലിക്കേഷനില്‍ നല്‍കണം. ആരോഗ്യപ്രവര്‍ത്തകര്‍ നേരിട്ട് വിതരണ കേന്ദ്രത്തിലെത്തണം. തുടര്‍ന്ന് ആദ്യം കാത്തിരിപ്പ് മുറി, പിന്നെ വാക്സിന്‍ വിതരണ മുറി, ശേഷം നിരീക്ഷണ മുറി എന്നിങ്ങനെയായിരിക്കും ക്രമീകരണം. പ്രവേശിക്കാനും പുറത്തേക്ക് പോകാനും പ്രത്യേകം വഴികള്‍ ഉണ്ടായിരിക്കും. വാക്സിന്‍ വിതരണത്തിനുള്ള ഡിജിറ്റല്‍ സംവിധാനങ്ങളുടെയടക്കം കാര്യക്ഷമത ഡ്രൈറണിലൂടെ ഉറപ്പാക്കപ്പെടും. കോവിഡ് വാക്‌സിനേഷനായി ഇതുവരെ 3.13 ലക്ഷം പേരാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്.