Kerala

ഇന്ന് 75 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 90 പേര്‍ രോഗമുക്തി നേടി

കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്

സംസ്ഥാനത്ത് ബുധനാഴ്ച 75 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് 90 പേര്‍ രോഗമുക്തി നേടി.

തിരുവനന്തപുരം 3, കൊല്ലം 14, പത്തനംതിട്ട 1, ആലപ്പുഴ 1, കോട്ടയം 4, എറണാകുളം 5, തൃശൂർ 8, മലപ്പുറം 11, പാലക്കാട് 6, കോഴിക്കോട് 6, വയനാട് 3, കണ്ണൂർ 4, കാസർകോട് 9 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കോവിഡ് സ്ഥിരീകരിച്ചവരുടെ കണക്കുകള്‍.

സംസ്ഥാനത്ത് ഇതുവരെ ഈ രോഗം ബാധിച്ച് 20 പേരാണ് മരണമടഞ്ഞത്. ഇത് നമ്മുടെ സംസ്ഥാനത്തെ കണക്കാണ്. വിദേശരാജ്യങ്ങളില്‍ ഇന്നലെ വരെ 277 മലയാളികള്‍ കോവിഡ് മൂലം മരിച്ചു. രാജ്യത്തിനകത്ത് ഡല്‍ഹി,മുംബൈ,ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ കേരളീയര്‍ കോവിഡ് ബാധിച്ച് മരണമടയുന്ന വാര്‍ത്തകളും വരുന്നുണ്ട്. ഇന്ന് ഡല്‍ഹിയില്‍ ഒരു മലയാളി നഴ്‌സ മരണമടഞ്ഞു. ഇതെല്ലാം സൂചന നാം നേരിടുന്ന അവസ്ഥ അതിഗുരുതരമാണ് എന്നാണ്. അതിനാല്‍ തന്നെ ഈ രോഗം കൂടുതല്‍ പേരിലേക്ക് പകരുന്നത് ഒഴിവാക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കേണ്ട ഘട്ടമാണിത്.

ഇന്ന് രോഗം ബാധിച്ചവരില്‍ 53 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. 19 പേരാണ് രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍. സമ്പര്‍ക്കം മൂലം മൂന്നുപേര്‍ക്കും രോഗബാധയുണ്ടായി. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്നവരില്‍ കോവിഡ് സ്ഥിരീകരിച്ചത്: മഹാരാഷ്ട്ര-8, ഡല്‍ഹി-5,തമിഴ്‌നാട്-4, ആന്ധ്ര,ഗുജറാത്ത് ഒന്നുവീതം എന്നിങ്ങനെയാണ്.