Kerala

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 61 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 70,589 പേര്‍ക്ക് കൊവിഡ്

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 61 ലക്ഷവും മരണസംഖ്യ 96,000 വും കടന്നു. 24 മണിക്കൂറിനിടെ 70,589 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 776 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് പ്രതിദിന മരണം ആയിരത്തിന് താഴെ എത്തുന്നത് ഒരുമാസത്തിന് ശേഷമാണ്. അതേസമയം, രോഗമുക്തി നിരക്ക് 83 ശതമാനം കടന്നു.

സെപ്റ്റംബര്‍ ഒന്നിന് ശേഷം ശേഷം രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ ആശ്വാസകരമായ കുറവ് രേഖപ്പെടുത്തിയത് ഇന്നാണ്. 24 മണിക്കൂറിനിടെ 70,589 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 776 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റ് 20ന് ശേഷം ആദ്യമായാണ് മരണസംഖ്യ ആയിരത്തിന് താഴേക്ക് എത്തുന്നത്. ആകെ രോഗബാധിതര്‍ 61,45,292 പേരാണ്. ആകെ മരണസംഖ്യ 96,318 ഉം.

രാജ്യത്ത് ഇതുവരെ 51,01,398 ആളുകള്‍ രോഗമുക്തി നേടി. 83.01 ശതമാനമാണ് രോഗമുക്തി നിരക്ക്. മരണനിരക്ക് 1.5 ശതമാനത്തില്‍ തുടരുന്നു. രോഗവ്യാപനം രൂക്ഷമായ മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ് പ്രതിദിന കേസുകളില്‍ കുറവ് രേഖപ്പെടുത്തി. അതേസമയം തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ സ്ഥിതി മാറ്റമില്ലാതെ തുടരുന്നു. ഒഡിഷയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ രജനികാന്ത് സിംഗ്, കൂടാതെ 11 എംഎല്‍എമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഒഡീഷയിലെ മന്ത്രിമാരായ സമീര്‍ ദാഷ്, പത്മിനി ധ്യാന്‍, ജ്യോതി എന്നിവര്‍ക്ക് രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു