കോവിഡ് വ്യാപനത്തിന്‍റെ മൂന്നാംഘട്ടത്തില്‍ സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിലുണ്ടായത് ആശങ്ക ഉയര്‍ത്തും വിധത്തിലുള്ള വര്‍ദ്ധനവ്‍. രണ്ടാഴ്ചക്കുള്ളില്‍ അയ്യായിരത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ സമൂഹവ്യാപനം വൈകില്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ മുന്നറിയിപ്പ്
രാജ്യത്ത് ആദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. ജനുവരി 30ന് തൃശൂരില്‍. ആദ്യഘട്ടത്തില്‍ മൂന്ന് പേര്‍ മാത്രമായിരുന്നു രോഗബാധിതര്‍. മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് പടര്‍ന്ന് പിടിച്ച രണ്ടാം ഘട്ടത്തിലും സംസ്ഥാനത്തെ സ്ഥിതി നിയന്ത്രണ വിധേയമായിരുന്നു. രോഗികളുടെ എണ്ണം സംസ്ഥാനത്ത് 1000 കടന്നത് 117ആം ദിവസമായ മെയ് 27നാണ്. ഈ മാസം നാലിനാണ് രോഗികളുടെ എണ്ണം അയ്യായിരത്തിലെത്തിയത്. എന്നാല്‍ പിന്നീട് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നു. വെറും രണ്ടാഴ്ചക്കുള്ളില്‍ രോഗികളുടെ എണ്ണം ഇരട്ടിയായി 10,275ല്‍ എത്തി.
കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും രോഗവിമുക്തരുടെ എണ്ണത്തില്‍ ആനുപാതിക വര്‍ദ്ധനവുണ്ടെന്നത് ആശ്വാസകരമാണ്. മരണ നിരക്കും കേരളത്തില്‍ കുറവാണ്. എന്നാല്‍ സമ്പര്‍ക്ക രോഗികള്‍ വര്‍ദ്ധിക്കുന്നത് സമൂഹ വ്യാപനത്തിലേക്ക് കടക്കുമെന്ന ഭീതി വര്‍ദ്ധിപ്പിക്കുന്നു.
ഇന്നലെ രോഗം സ്ഥിരീകരിച്ചതില്‍ 70 ശതമാനം പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 84 ക്ലസ്റ്ററുകളാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. ഇതില്‍ പൂന്തുറ, തൂണേരി ഉള്‍പ്പെടെ പത്തിടത്തെ സ്ഥിതി ഗുരുതരമാണ്.