Kerala

കൊവിഡ് വ്യാപനം; തൃശൂർ, കോഴിക്കോട്, വയനാട്, എറണാകുളം ജില്ലകളിൽ കർശന നിയന്ത്രണം

സംസ്ഥാനത്ത് കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിൽ ജില്ലാ അടിസ്ഥാനത്തിൽ കർശന നിയന്ത്രണം. ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന തൃശൂർ, കോഴിക്കോട്, വയനാട്, എറണാകുളം അടക്കമുള്ള ജില്ലകൾ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. തൃശൂരിൽ 3 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.26 ആയതിനാൽ നാളെ മുതൽ പൊതുപരിപാടികൾ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചുട്ടുണ്ട്.

ജില്ലയിൽ നാളെ മുതൽ പൊതുപരിപാടികൾ അനുവദിക്കില്ല. എല്ലാതരം സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക, സാമുദായിക, മതപരമായ പൊതുപരിപാടികളും ഒഴിവാക്കണം. ഉത്സവങ്ങൾ, തിരുന്നാളുകൾ തുടങ്ങിയ ആഘോഷങ്ങൾ ചടങ്ങുകൾ മാത്രമായി നടത്തേണ്ടതാണെന്നും ജില്ലാ കളകടർ അറിയിച്ചു.

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ വയനാട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. റിസോർട്ടുകളിലെ സ്വിമ്മിങ് പൂളുകൾ, സ്പാ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം രണ്ടാഴ്ചത്തേക്ക് വിലക്കിയതായി ജില്ലാ കളകടർ അറിയിച്ചു. വ്യാപാര സ്ഥാപനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശം നൽകി. കളക്ടറുടെ ചേംബറിൽ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.

കോഴിക്കോട് ജില്ലയിൽ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിൽ കൂടുതലായതിനാൽ എല്ലാ പൊതുപരിപാടികളും നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. മതപരമായ പരിപാടികൾക്കും ഇത് ബാധകമാണ്.എല്ലാ സർക്കാർ, അർധസർക്കാർ, സഹകരണ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളും ഓൺലൈൻ ആയി മാത്രമേ യോഗങ്ങളും പരിപാടികളും ചടങ്ങുകളും നടത്താൻ പാടുള്ളു എന്നാണ് നിർദ്ദേശം. ബീച്ചുകളിലേക്കുള്ള പൊതുജനങ്ങളുടെ പ്രവാഹം നിയന്ത്രിക്കുന്നതിനും ഹോട്ടലുകളിലും മാളുകളിലുമുള്ള പൊതുജനങ്ങളുടെ കൂടിച്ചേരൽ നിയന്ത്രിക്കുന്നതിനും നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിയെ ചുമതലപ്പെടുത്തി.

ടിപിആർ 35 കടന്നതോടെ എറണാകുളത്ത് കൊവിഡ് നിയന്ത്രണങ്ങൾ ജില്ലഭരണകൂടം കർശനമാക്കിയിട്ടുണ്ട്. കൊവിഡ് ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ മന്ത്രി പി.രാജീവിൻറെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ഷോപ്പിംഗ് മാളുകളിലെ പ്രവേശനത്തിനും നിയന്ത്രണം കർശനമാക്കി.