Kerala

കൊവിഡ് രണ്ടാം തരംഗം; ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം ഇരട്ടിയാകുമെന്ന് പഠനങ്ങള്‍

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച് കൊവിഡ് രണ്ടാം തരംഗം. രാജ്യ വ്യാപക ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായിട്ടില്ലെങ്കിലും ജിഡിപി തകര്‍ന്നടിയുന്ന സാഹചര്യത്തിലേക്ക് നീങ്ങുകയാണ് രാജ്യം. ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം ഇരട്ടിയാകുമെന്നും നഗരങ്ങളില്‍ തൊഴിലില്ലായ്മ കുതിച്ച് ഉയരും എന്നും ഇതിനകം പ്രസിദ്ധീകരിച്ച വ്യത്യസ്ത പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.

കൊവിഡ് ഒന്നാം തരംഗം ഏല്‍പിച്ച ആഘാതത്തില്‍ നിന്ന് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഷെയ്പില്‍ ഉയര്‍ത്തികൊണ്ടുവരുമെന്നായിരുന്നു ബജറ്റിലെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം. 11.5 ശതമാനം ജിഡിപിയായിരുന്നു നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. എല്ലാ പ്രതിക്ഷകളെയും തകര്‍ക്കുകയാണ് കൊവിഡ് രണ്ടാം തരംഗം.

സംസ്ഥാന തല അടച്ചിടലും പ്രാദേശിക നിയന്ത്രണങ്ങളും രാജ്യത്തെ ചെറുകിട- ഇടത്തരം മേഖലകളുടെ പ്രതിസന്ധി രൂക്ഷമാക്കുകയാണ്. ഇതിന്റെ പ്രതിഫലനത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച സംബന്ധിച്ച പ്രവചനത്തില്‍ റേറ്റിംഗ് ഏജന്‍സിയായ കെയര്‍ മാറ്റംവരുത്തി. 11 ശതമാനത്തില്‍ നിന്ന് 10.2 ലേക്കാണ് കുറവ് വരുത്തിയത്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമിയുടെ റിപ്പോര്‍ട്ടില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 10 ശതമാനമാക്കിയതായി വിശദികരിച്ചു. ഇന്ത്യന്‍ നഗരങ്ങളില്‍ ദാരിദ്ര്യം കൂടുന്നു എന്നതാണ് രണ്ടാം തരംഗത്തിന്റെ പ്രതിഫലനങ്ങളില്‍ പ്രധാനം. കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ ദരിദ്രരുടെ എണ്ണം ഇരട്ടിയാക്കുമെന്ന് പ്യൂ റിസര്‍ച്ച് സെന്‍ര്‍ പറയുന്നു

പ്രതിദിനം 150 രൂപ പോലും ലഭിക്കാത്ത ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം 6 കോടിയില്‍ നിന്ന് 13.4 കോടിയായി ഉയരുമെന്നാണ് പഠനം. ഹോട്ടലുകള്‍, വ്യോമയാനം, വിനോദ സഞ്ചാരം, ഓട്ടോമൊബൈല്‍, മള്‍ട്ടിപ്ലക്സുകള്‍ തുടങ്ങിയ മേഖലകള്‍ രണ്ടാം തരംഗത്തില്‍ നിലനില്‍പ് ഭീഷണി നേരിടുകയാണ്.

കുടിയേറ്റ തൊഴിലാളികളുടെ പാലായനം നിര്‍മാണ മേഖലയെ കാര്യമായി തന്നെ ബാധിക്കും. മെയ് അവസാനത്തോടെ മഹാമാരിയെ പിടിച്ചുകെട്ടാനായില്ലെങ്കില്‍ 2021-22 വര്‍ഷത്തെ ജിഡിപി കുത്തനെ ആകും കൂപ്പ് കുത്തുക. കഴിഞ്ഞ തവണ പ്രഖ്യാപിച്ചത് പോലെ ഒരു സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ പോലും സാമ്പത്തികമായി കേന്ദ്ര സര്‍ക്കാരിന് സാധിക്കുന്നില്ല എന്നത് പ്രതിസന്ധി അത്രമേല്‍ കഠിനവും രൂക്ഷവും ആണെന്ന് വ്യക്തമാക്കുന്നു.