സംസ്ഥാനത്ത് കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ എറണാകുളത്തും ജാഗ്രതാ നിര്‍ദേശം. എറണാകുളത്ത് ടിപിആര്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും 30 ശതമാനത്തിന് മുകളിലാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 11 കേന്ദ്രങ്ങളില്‍ കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കും. രോഗികളോ സമ്പര്‍ക്കമുള്ളവരോ ക്വാറന്റൈനില്‍ അലംഭാവം കാണിക്കരുതെന്നും ജില്ലയില്‍ അതീവ ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ് ആരോഗ്യവകുപ്പ്. കോഴിക്കോട് ബീച്ചുകളിലും മാളുകളിലും ഇന്ന്മുതല്‍ കര്‍ശന പരിശോധനയുണ്ടാകും. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ സിറ്റി പൊലീസ് കമ്മിഷണര്‍ പുറത്തിറക്കി. ആള്ക്കൂട്ടമുണ്ടാകുകയോ തിരക്ക് കൂടുകയോ ചെയ്താല്‍ പൊലീസ് നിയന്ത്രണമേര്‍പ്പെടുത്തും. ടിപിആര്‍ 20 ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍ മതപരമായ ചടങ്ങുകള്‍ക്കും അന്‍പത് പേര്‍ക്ക് മാത്രമാണ് അനുമതി.
കൊവിഡ് വ്യാപനം കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടി അടച്ചു. ചൊവ്വാഴ്ച്ച മുതല്‍ സന്ദര്‍ശകരെ അനുവദിക്കില്ല. നിലവില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ ബുക്ക് ചെയ്തവര്‍ക്ക് തുക ഓണ്‍ലൈനായിതന്നെ തിരികെ നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം മൂവായിരമായിരുന്നു ജില്ലയിലെങ്കില്‍ ഇന്നലെ അത് നാലായിരം കടന്നിരുന്നു.
കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് ഇന്നലെ മുതല്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ജില്ലയില്‍ പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ട്. വിവാഹ, മരണാന്തര ചടങ്ങുകള്‍ക്ക് 50 പേര്‍ക്ക് മാത്രമാണ് അനുമതി. നേരത്തെ നിശ്ചയിച്ച യോഗങ്ങളും മാറ്റിവയ്ക്കണമെന്ന് സംഘാടകര്‍ക്ക് നിര്‍ദേശം നല്കി. തിരുവനന്തപുരം ജില്ലയില്‍ കര്‍ശന നിരീക്ഷണത്തിന് സിറ്റി, റൂറല്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി.