Kerala

ആറ് ഡോക്ടര്‍മാരുള്‍പ്പെടെ 14 പേര്‍ക്ക് കോവിഡ്; കോഴിക്കോട് മെഡിക്കല്‍ കോളേജിന്‍റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷക്ക് പ്രത്യേക പരിഗണന നല്‍കാന്‍ തീരുമാനിച്ചതായി മന്ത്രി ടി.പി രാമകൃഷ്ണന്‍‌ പറഞ്ഞു

ആറ് ഡോക്ടര്‍മാരുള്‍പ്പെടെ 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. നെഫ്രോളജി കാര്‍ഡിയോളജി വാര്‍ഡുകള്‍ അടച്ചു.ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷക്ക് പ്രത്യേക പരിഗണന നല്‍കാന്‍ തീരുമാനിച്ചതായി മന്ത്രി ടി.പി രാമകൃഷ്ണന്‍‌ പറഞ്ഞു.

അസിസ്റ്റന്‍റ് പ്രഫസര്‍ ഉള്‍പ്പെടെ ആറു ഡോക്ടര്‍മാര്‍,ആറു നഴ്സുമാര്‍,സെക്യൂരിറ്റി ജീവനക്കാരന്‍,ഫാര്‍മസിസ്റ്റ് എന്നിവര്‍ക്കാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗം സ്ഥിരീകരിച്ചത്.ഇതോടെ 88 ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലായി.3,4,36,നെഫ്രോളജി,കാര്‍ഡിയോളജി വാര്‍ഡുകള്‍ അടച്ചു. മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം.ആരോഗ്യ പ്രവര്‍ത്തകരില്‍ രോഗ ബാധ കൂടന്നത് ഗൌരവത്തോടെ കാണുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ഇവര്‍ക്കായി പ്രത്യേക ചികിത്സാ സൌകര്യമൊരുക്കും.

ജില്ലയില്‍ കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കും. ബീച്ച് ആശുപത്രി കോവിഡ് ആശുപത്രിയായി മാറ്റുന്ന സാഹചര്യത്തില്‍ അവിടെ പ്രവര്‍ത്തിച്ചിരുന്ന അഞ്ച് ഒപികള്‍ കാരപ്പറമ്പ് ഹോമിയോ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സക്കായി 2000 ബെഡുകള്‍ ലഭ്യമാക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.