India Kerala

കോഴിക്കോട് കോവിഡ് പരിശോധന നടത്താന്‍ ആളുകള്‍ക്കിടയില്‍ വിമുഖത: ഇന്നലെ ജില്ലയില്‍ മാത്രം 1072 രോഗികള്‍

കോഴിക്കോട് ചിലയിടങ്ങളില്‍ കോവിഡ് പരിശോധന നടത്താന്‍ ആളുകള്‍ വിമുഖത കാണിക്കുന്നതായി ജില്ലാ ഭരണകൂടം. ഇത് രോഗ വ്യാപനത്തിന് ഇടയാക്കി. കോര്‍പ്പറേഷന്‍ പരിധിയിലെ തീരദേശ മേഖലയില്‍ പരിശോധന കര്‍ശനമാക്കി.

കോഴിക്കോട് 1072 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്1005 പേര്‍ക്ക്. കോര്‍പ്പറേഷന്‍ പരിധിയില്‍ 388 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ദിനംപ്രതി കോര്‍പ്പറേഷന്‍ പരിധിയില്‍ കോവിഡ് കേസുകള്‍ കൂടി വരികയാണ്. പ്രത്യേകിച്ച് തീരദേശ വാര്‍ഡുകളില്‍. ബേപ്പൂര്‍പോര്‍ട്ട്, മാറാട്, നടുവട്ടം, പുഞ്ചപ്പാടം, അരക്കിണര്‍, കപ്പക്കല്‍, പച്ചായനക്കല്‍, ചക്കുംകടവ് വാര്‍ഡുകളില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഈ പ്രദേശങ്ങള്‍ ക്രിട്ടിക്കല്‍ സോണിലാണ്.

തീരദേശ മേഖലയില്‍ കര്‍ശന പരിശോധനയും നിരീക്ഷണവും നടത്താനാണ് ജില്ലാഭരണകൂടത്തിന്‍റെ തീരുമാനം. കോര്‍പ്പറേഷനില്‍ 32 വാര്‍ഡുകള്‍ കണ്ടെയ്‍ന്‍‍മെന്‍റ് സോണിലും എട്ട് വാര്‍ഡുകള്‍ ക്രിട്ടിക്കല്‍ കണ്ടെയ്‍ന്‍‍മെന്‍റ് സോണിലുമാണ്. 13 വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്‍ന്‍‍മെന്‍റ് സോണിലും. 6630 പേര്‍ക്കാണ് ഇതുവരെ കോര്‍പ്പറേഷന്‍ പരിധിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 3107 പേര്‍ ചികിത്സയില്‍ കഴിയുന്നു.