India Kerala National

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 236 ആയി; നാളെ ട്രെയിനുകള്‍ ഓടില്ല

രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 236 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യുവിന്റെ ഭാഗമായി ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ രാത്രി 12 മണി വരെ പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല.

കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 236 ആയതോടെ രാജ്യം കനത്ത ജാഗ്രതയിലാണ്. 20 സംസ്ഥാനങ്ങളിൽ കോവിഡ് 19 സ്ഥിരീകരിച്ചു കഴിഞ്ഞു. മഹാരാഷ്ട്ര, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ മാളുകളും കടകളും ഓഫീസുകളും അടച്ചു. അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് ഇളവ്.‌ സേന അടക്കം എല്ലാ വിഭാഗങ്ങളിലും ജോലിക്കെത്തുന്നവരുടെ എണ്ണം കുറച്ചു.

രോഗവ്യാപനം തടയാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ട ജനതാ കര്‍ഫ്യൂ ഞായറാഴ്ച നടക്കാനിരിക്കെ രാജ്യത്തെ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി. ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ രാത്രി 12 മണി വരെ പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല. എന്നാല്‍ എക്സ്പ്രസ്, മെയില്‍ ട്രെയിനുകള്‍ ഞായറാഴ്ച പുലര്‍ച്ചെ 4 മണി മുതല്‍ രാത്രി 10 വരെ സര്‍വീസുകള്‍ നിര്‍ത്തിവെക്കും. കോവിഡ് 19 പ്രതിരോധത്തില്‍ അടുത്ത നാലാഴ്ച്ച നിര്‍ണായകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാമൂഹ്യ അകലം പാലിക്കുക നിര്‍ബന്ധമാണെന്നും മുഖ്യമന്ത്രിമാര്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി അറിയിച്ചു.