Kerala

വാളയാര്‍ വഴി വന്നയാള്‍ക്ക് കോവിഡ്: ജനപ്രതിനിധികള്‍ ക്വാറന്‍റൈനില്‍ പോകണമെന്ന് ആരോഗ്യവകുപ്പ്

വാളയാര്‍ ചെക്ക് പോസ്റ്റ് വഴി വന്നയാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ സമരം നടത്തിയ ജനപ്രതിനിധികള്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ്. ജനപ്രതിനിധികളായ വി.കെ ശ്രീകണ്ഠന്‍ എം.പി, രമ്യ ഹരിദാസ് എം.പി, ടി.എന്‍ പ്രതാപന്‍ എം.പി, ഷാഫി പറമ്പില്‍, അനില്‍ അക്കര എം.എല്‍.എ എന്നിവര്‍ ക്വാറന്‍റൈനില്‍ പോകണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചത്. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍, പൊലീസുകാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരും നിരീക്ഷണത്തില്‍ പോകണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഇക്കഴിഞ്ഞ ഒമ്പതാം തിയ്യതിയാണ് വാളയാര്‍ അതിര്‍ത്തി വഴി എത്തിയ മലപ്പുറം ബി.പി അങ്ങാടി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ചെന്നൈ കൊട്ടിപ്പാക്കത്ത് ജ്യൂസ് കട നടത്തുന്നയാളാണ് രോഗം സ്ഥിരീകരിച്ച മലപ്പുറത്തെ നാല്‍പ്പതുകാരന്‍. കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ പ്രതിഷേധ സമരം നടത്തുന്നതിന് സമീപത്ത് ഇയാളുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.