കോവിഡ് 19 വ്യാപനം തടയാന്‍ സംസ്ഥാനം അതീവ ജാഗ്രത തുടരുന്നു. സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം അരലക്ഷം കവിഞ്ഞു. എറണാകുളത്ത് ഇന്ന് പരിശോധിച്ച 26 ഫലവും നെഗറ്റീവാണ്. മൂന്നാറില്‍ തങ്ങിയ 14 വിദേശികളുടെ ഫലം നെഗറ്റീവ് ആയതിനാല്‍ ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സൌകര്യം ഒരുക്കുമെന്ന് ഡി.എം.ഒ അറിയിച്ചു.
ഇന്നലെ പുതുതായി 12 കേസുകള്‍ കൂടി പോസിറ്റീവായതോടെയാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചത്. ഇന്ന് ഇതേവരെ പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ഇന്നലെ രോഗബാധ സ്ഥിരീകരിച്ച കാസര്‍കോഡ്, എറണാകുളം, പാലക്കാട് ജില്ലകളില്‍ കൂടുതല്‍ പേര്‍ നിരീക്ഷണത്തിലായി. ഇന്നലെ വരെ 44390 പേര്‍ നിരീക്ഷണത്തിലുണ്ടായിരുന്നിടത്ത് ഇന്ന് ഇതിനകം അന്‍പതിനായിരം കടന്നു. പത്തനംതിട്ടയില്‍ 80കാരിയുള്‍പ്പെടെ നാല് പേരെ പുതുതായി ഐസൊലേഷനിലേക്ക് മാറ്റി. എറണാകുളത്ത് ഇന്ന് ലഭിച്ച 26 പരിശോധന ഫലവും നെഗറ്റീവാണ്.
കൊച്ചി തുറമുഖത്തെത്തിയ നാല് കപ്പലുകളിലെ യാത്രക്കാരെയും ജീവനക്കാരെയും പരിശോധിച്ചു. ആര്‍ക്കും രോഗലക്ഷണമില്ല. ഹോം ക്വാറന്റൈന്‍ നിര്‍ദേശം ലംഘിച്ച പെരിങ്ങമ്മല സ്വദേശിയായ പ്രവാസിക്കെതിരെ പാലോട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പുതുതായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ന് സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞുകിടന്നു. സെക്രട്ടറിയറ്റില്‍ ഐ.എ.എസ് ഓഫീസര്‍മാര്‍ക്ക് പുറമെ വകുപ്പ് മേധാവികളും ജോയിന്റ് സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറിമാരും മാത്രമാണ് ഹാജരായത്.