സംസ്ഥാനത്ത് ഇന്നും ആശ്വാസ ദിനം. ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചില്ല. അതെ സമയം 61 പേര്‍ കോവിഡില്‍ നിന്നും രോഗമുക്തി നേടുകയും ചെയ്തു. ഇനി 34 രോഗികൾ മാത്രമാണ് സംസ്ഥാനത്ത് കോവിഡ് ചികിത്സയിലുള്ളത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കേരളത്തില്‍ കോവിഡ് സ്ഥിരീകരിക്കാതെ കടന്നുപോകുന്നത്.
ഇന്ന് കോവിഡ് നെഗറ്റീവായത് ജില്ല തിരിച്ച്
- ഇടുക്കി – 11
- കോഴിക്കോട് – 04
- കൊല്ലം – 09
- കണ്ണൂര്‍ -19
- കാസര്‍ഗോഡ് -02
- കോട്ടയം -12
- മലപ്പുറം – 02
- തിരുവനന്തപുരം -02
ഇതോടെ തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കോവിഡ് രോഗികളില്ലാത്ത ജില്ലകളായി മാറി. നിലവില്‍ 21721 പേരാണ് കേരളത്തില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 21352 പേര്‍ വീടുകളിലും 372 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 1249 കോവിഡ് ടെസ്റ്റുകളാണ് സംസ്ഥാനത്ത് നടത്തിയത്. നിലവില്‍ 84 ഹോട്ട് സ്പോട്ടുകളാണുള്ളതെന്നും ഇതില്‍ പുതിയ കൂട്ടിചേര്‍ക്കലുകളില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിൽ രോഗവ്യാപനം പിടിച്ചു നിര്‍ത്താനാകുന്നത് ആശ്വാസകരമാണെങ്കിലും വിദേശത്ത് 80 മലയാളികള്‍ മരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളിലെ മലയാളികള്‍
രാജ്യത്തിനകത്തുള്ള 1,66263 മലയാളികള്‍ നോര്‍ക്കയിൽ രജിസ്റ്റര്‍ ചെയ്തതായും ഇതില്‍ 5470 പാസുകള്‍ വിതരണം ചെയ്തതായും അറിയിച്ചു. ഉച്ചവരെ 515 പേരാണ് വിവിധ ചെക്ക് പോസ്റ്റുകള്‍ വഴി എത്തിയത്.
നോർക്കയിൽ റജിസ്ട്രേഷൻ നമ്പർ വഴി കോവിഡ് ജാഗ്രതയിൽ റജിസ്റ്റർ ചെയ്ത് അതത് ജില്ലാ കലക്ടർമാർ പരിശോധിച്ച് അതിനുള്ള നടപടികൾ ആരംഭിക്കും. വാഹനങ്ങളിൽ ശാരീരിക അകലം പാലിക്കും വിധം യാത്രക്കാരുടെ എണ്ണം ക്രമപ്പെടുത്തി. അതിർത്തി വരെ വാടക വാഹനത്തിൽ വന്ന് മറ്റു വാഹനങ്ങളിൽ വരാനാഗ്രഹിക്കുന്നവർ അതിന് വേണ്ട ക്രമീകരിണങ്ങൾ ചെയ്യണം, ഡ്രൈവർമാർ ക്വാറന്റീനിൽ പോകണം.
മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ മാതാപിതാക്കളെയോ കുട്ടികളെയോ ബന്ധുക്കളെയോ കൂട്ടിക്കൊണ്ടുവരാൻ അവർ താമസിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് അനുമതി വാങ്ങണം. ഒപ്പം അവർ തിരികെയെത്തുന്ന ജില്ലയിലെ കലക്ടറിൽ നിന്നും അനുമതി വാങ്ങണം. മുൻഗണനാ ലിസ്റ്റിൽ പെട്ടവർക്കാണ് ആദ്യ യാത്രാനുമതി. ഗർഭിണികൾ, കേരളത്തിൽ നിന്ന് മറ്റാവവശ്യങ്ങൾക്കായി അന്യസംസ്ഥാനങ്ങളിൽ പോയവർ, മറ്റ് അസുഖങ്ങൾ ഉള്ളവർ എന്നിവരാണ് മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുന്നത്. ഘട്ടംഘട്ടമായി ഈ പ്രക്രിയ പൂർത്തിയാക്കാനുള്ള പദ്ധതിയാണ് സർക്കാർ തയാറാക്കിയത്.
സൗജന്യ സിം
വിദേശത്ത് നിന്നും തിരിച്ചുവരുന്ന ഡോക്ടര്‍മാരുമായും ബന്ധുക്കളുമായും ആശയവിനിമയം നടത്താന്‍ സൗജന്യമായി മൊബൈല്‍ നമ്പര്‍ നല്‍കുമെന്ന് ബി.എസ്.എന്‍.എല്‍ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ ഉണ്ടായിരുന്ന സിം ദീര്‍ഘകാലം ഉപയോഗിക്കാതിരുന്നതിനെ തുടര്‍ന്ന് വിച്ഛേദിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ വീണ്ടും പ്രവര്‍ത്തനക്ഷമമമാക്കും. സിം നഷ്ടപ്പെട്ടതാണെങ്കില്‍ അതേ നമ്പറില്‍ സിം കാര്‍ഡ് നല്‍കുമെന്നും ബി.എസ്.എന്‍.എല്‍ അധികൃതര്‍ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.