Kerala

കോവിഡ് രൂക്ഷമായിരുന്ന കാസര്‍കോട് ജില്ലയും സാധാരണ നിലയിലേക്ക് മാറുന്നു

ജില്ലാ ഭരണകൂടം കൂടുതല്‍ ഇളവുകള്‍ അനുവദിച്ചതോടെ ആളുകള്‍ ജാഗ്രതയോടെയാണ് പുറത്തിറങ്ങിത്തുടങ്ങിയത്

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് സ്ഥിരീകരിച്ചിരുന്ന കാസര്‍കോട് ജില്ലയും പതുക്കെ സാധാരണ നിലയിലേക്ക് മാറുന്നു. ജില്ലാ ഭരണകൂടം കൂടുതല്‍ ഇളവുകള്‍ അനുവദിച്ചതോടെ ആളുകള്‍ ജാഗ്രതയോടെയാണ് പുറത്തിറങ്ങിത്തുടങ്ങിയത്.

മാര്‍ച്ച് 17നാണ് കാസര്‍കോട് ജില്ലയില്‍ രണ്ടാം ഘട്ടത്തിലെ ആദ്യ പോസറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ജില്ലയില്‍ നിയന്ത്രണങ്ങള്‍ തുടങ്ങി. രാജ്യത്ത് ലോക്ഡൌണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ കാസര്‍കോട് അടച്ചു പൂട്ടി. ഒരു ഘട്ടത്തില്‍ രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് സ്ഥിരീകരിക്കുന്ന ജില്ലയായി കാസര്‍കോട് മാറി. കടുത്ത നിയന്ത്രണങ്ങള്‍ വന്നതോടെ ആളുകള്‍ പുറത്തിറങ്ങാതായി. സംസ്ഥാനത്ത് രാവിലെ 7 മതുല്‍ വൈകിട്ട് 5 വരെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയപ്പോള്‍ കാസര്‍കോട് അത് 9 മണി മുതല്‍ വൈകീട്ട് 5 വരെയായി പരിമിതപ്പെടുത്തി. ട്രിപ്പിള്‍ ലോക്ഡൌണ്‍ അടക്കം പ്രഖ്യാപിച്ച് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടു വന്നു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞു. മെയ് പത്തിന് ജില്ല കോവിഡ് മുക്തമായി. അതിന്റെ തൊട്ടടുത്ത ദിവസം ഇതര സംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലെത്തിയവരിലൂടെ കോവിഡ് ബാധിതരുടെ എണ്ണം കൂടി.

നിലവില്‍ 19 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി ജില്ലയിലും കൂടുതല്‍ ഇളവുകള്‍ അനുവദിച്ചതോടെ കാസര്‍കോടും സാധാരണ നിലയിലേക്ക് മാറിതുടങ്ങി. നിബന്ധനകളോടെ രാവിലെ 9 മുതല്‍ വൈകീട്ട് 7 വരെയാണ് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി. ഓട്ടോ റിക്ഷകള്‍ നിരത്തിലിറങ്ങി തുടങ്ങി. കെ.എസ്.ആര്‍.ടി.സി ബുധനാഴ്ച 7 സര്‍വീസുകളാണ് നടത്തിയത്. വ്യാഴാഴ്ച 24 സര്‍വീസുകള്‍ നടത്തി. കടുത്ത ജാഗ്രത പുലര്‍ത്തിയല്ലെങ്കില്‍ കാര്യങ്ങള്‍ വീണ്ടും കൈവിട്ടുപോവുമെന്ന ഭയം ജനങ്ങള്‍ക്കുണ്ട്. ഇത് കാരണം ജാഗ്രതയോടെയാണ് ജനങ്ങള്‍ പുറത്തിറങ്ങുന്നത്.