രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് 19 സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ അമൃതാനന്ദമയി ആശ്രമത്തില്‍ ദര്‍ശനം നിര്‍ത്തിവെച്ചു. ആരോഗ്യ വകുപ്പില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ദര്‍ശനം താല്‍ക്കാലികമായി അവസാനിപ്പിച്ചത്. ഇനി മുതല്‍ സ്വദേശത്തോ വിദേശത്തോയുള്ള ഒരു ഭക്തര്‍ക്കും കൊല്ലത്തെ അമൃതപുരി ആശ്രമത്തില്‍ പ്രവേശനം അനുവദിക്കില്ലെന്ന് മഠം അധികൃതര്‍ അറിയിച്ചതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. പകല്‍ സമയത്തുള്ള ദര്‍ശനത്തിന് പുറമെ രാത്രിയുള്ള താമസത്തിനും മഠത്തില്‍ വിലക്കുണ്ട്.
ഇന്നലെ വരെ ആശ്രമത്തില്‍ കയറാന്‍ ഒരു വിലക്കും ഇല്ലായിരുന്നെന്നും ജില്ലാ അധികാരികളുടെയും ആരോഗ്യ വിഭാഗത്തിന്റെയും നേരിട്ടുള്ള ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് മഠം അധികൃതര്‍ പറഞ്ഞു. കൊല്ലത്തെ അമൃതപുരി ആശ്രമത്തില്‍ ഏകദേശം 3000ഓളം പേരാണ് സാധാരണ ദര്‍ശനത്തിനെത്താറ്. എല്ലാ ദിവസവും രാവിലെ 9 മണിക്ക് തുടങ്ങുന്ന അമ്മയുടെ ദര്‍ശനം പാതിരാത്രിവരെ തുടരാറുണ്ട്. നിലവിലെ വിലക്ക് കോവിഡ് ഭീതി കഴിയും വരെ തുടരുമെന്നാണ് സൂചന.