India Kerala

കള്ളവോട്ടുകള്‍ വ്യാപകമായി നടന്നതായി സുധാകരനും ആന്‍റോ ആന്‍റണിയും

വോട്ടെടുപ്പിന് പിന്നാലെ ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നണികള്‍. കണ്ണൂരിലും പത്തനംതിട്ടയിലും വ്യാപകമായി കള്ളോവോട്ടു നടന്നതായി കെ. സുധാകരനും ആന്‍റോ ആന്‍റണിയും പറഞ്ഞു. പലയിടത്തും കോണ്‍ഗ്രസ് ബി.ജെ.പി വോട്ടുക്കച്ചടമുണ്ടെന്നായിരുന്നു സി.പി.എം നേതാക്കളുടെ ആരോപണം.

കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ അഴിക്കോട് മട്ടന്നൂര്‍ ധര്‍മ്മടം തളിപ്പറമ്പ് എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ വ്യപകമായി കള്ളവോട്ടു നടന്നതായാണ് കെ. സുധാകരന്‍റെ ആരോപണം. മുഖ്യമന്ത്രിയുടെ നാട്ടിലടക്കം കള്ളോവോട്ടുകള്‍ നടന്നു. വടകരയിലും സി.പി.എം വ്യാപകമായി കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചിരുന്നതായി കെ. മുരളീധരനും പറഞ്ഞു. പത്തനംതിട്ടയില്‍ 25000 പേരുടെ വോട്ടുകൾ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതായാണ് ആന്‍റോആന്‍ണിയുടെ ആരോപണം. ആലപ്പുഴയില്‍ കോണ്‍ഗ്രസ് ബി.ജെ.പി വോട്ടുകച്ചവടം നടന്നെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.എം. ആരിഫ് പറഞ്ഞു. കണ്ണൂരില്‍ മുസ്ലിം വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കാൻ യു.ഡി.എഫ് ലഘു ലേഖകൾ വിതരണം ചെയ്തെന്ന് പി.കെ ശ്രീമതിയും ആരോപിച്ചു.