Kerala

തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി; മേയറെ തടഞ്ഞ് പ്രതിപക്ഷം

തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിനിടെ കയ്യാങ്കളി. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. മാസ്റ്റര്‍ പ്ലാന്‍ അവതരണവുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. മേയര്‍ എം. കെ വര്‍ഗീസിനെ പ്രതിപക്ഷം ഡയസില്‍ തടഞ്ഞു. പ്രതിപക്ഷ അംഗങ്ങള്‍ തന്നെ ആക്രമിച്ചെന്നും തള്ളി താഴെയിടാന്‍ ശ്രമിച്ചെന്നും മേയര്‍ ആരോപിച്ചു. രക്ഷപ്പെട്ടത് കഷ്ടിച്ചാണെന്നും മേയര്‍ ട്വന്റിഫോറിനോട് പറഞ്ഞു.

മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് കൂട്ടത്തല്ല് അരങ്ങേറിയത്. പ്രതിപക്ഷ അംഗങ്ങള്‍ മേയറുടെ ചേംബറില്‍ കയറി ബഹളംവച്ചു. കോണ്‍ഗ്രസ്, ബിജെപി അംഗങ്ങളാണ് പ്രതിഷേധിച്ചത്. കൗണ്‍സില്‍ അംഗീകരിച്ച മാസ്റ്റര്‍ പ്ലാന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു. തീരുമാനമുണ്ടാകുന്നതുവരെ രാപ്പകല്‍ സമരം നടത്തുമെന്നും പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു

23 കൗണ്‍സിലര്‍മാര്‍ നിര്‍ദേശിച്ചതനുസരിച്ചാണ് മേയര്‍ ഇന്ന് പ്രത്യേക കൗണ്‍സില്‍ വിളിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ അംഗീകരിച്ച മാസ്റ്റര്‍പ്ലാന്‍ റദ്ദുചെയ്യണമെന്നാണ് പ്രധാന ആവശ്യം.