India Kerala

കൊറോണയ്ക്കെതിരെ അതീവ ജാഗ്രതയില്‍ കേരളം; രോഗം ബാധിച്ച മൂന്ന് പേരുടെയും നില തൃപ്തികരം

കൊറോണ വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതോടെ അതീവ ജാഗ്രതയിലായി കേരളം. ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ ആരോഗ്യ വകുപ്പ് സജ്ജമാണെന്നും ജനങ്ങൾ ഭയയപ്പെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. ചൈനയിൽ നിന്ന് തിരിച്ചു വരാനുള്ളവരുടെ കണക്കുകൾ ശേഖരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. ഇതോടെ ആരോഗ്യ വകുപ്പിനൊപ്പം മറ്റ് വകുപ്പകളെക്കൂടി ഏകോപിപ്പിച്ച് കൂടുതൽ ജാഗ്രതയിലാകുകയാണ് കേരളം. ആലപ്പുഴ, തൃശൂർ, കാസർകോട്, ജില്ലകളിൽ കൂടുതൽ ശ്രദ്ധയോടെയുള്ള ഇടപെടലാണ് നടത്തുന്നത്. സംസ്ഥാനതലത്തിലും ജില്ലാ ആസ്ഥാനങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററുകൾ സജ്ജമാണ്. ചൈനയില്‍ നിന്ന് ഇതുവരെ എത്തിയത് 2239 പേരാണ്. ഇവരില്‍ 84 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. 2155 പേര്‍ വീടുകളിലും. 140 സാമ്പിളുകള്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതിൽ. 49 എണ്ണ്ത്തിന്റെ പരിശോധനാ ഫലം വന്നു. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുള്ള 82 പേരെ കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു.

ഇപ്പോഴും രോഗലക്ഷണങ്ങൾ പുറത്തു പറയാത്ത ചിലരുണ്ട്. ഇത് അത്യന്തം അപകടകരമാണ്. ഇത്തരം ആളുകളെ ബലമായി പിടിക്കേണ്ടി വരരുത്. കൂടുതല്‍ ആളുകളിലേക്ക് പകര്‍ന്നാലുള്ള ബുദ്ധിമുട്ട് ഇവര്‍ ചിന്തിക്കണം. നിര്‍ദേശം അനുസരിക്കാതിരുന്നാല്‍ അത് കുറ്റകൃത്യമായി കണക്കാക്കേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.