കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പരിശോധനയും നിരീക്ഷണവും ശക്തമാക്കിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. 1471 പേരാണ് സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത്. തൃശ്ശൂരില്‍ കൊറോണ സ്ഥിരീകരിച്ച പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം തൃശ്ശൂരിൽ ചികിത്സയില്‍ കഴിയുന്ന വിദ്യാർത്ഥിനിക്കൊപ്പം യാത്ര ചെയ്ത മറ്റൊരു വിദ്യാര്‍ഥിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
നിരീക്ഷണത്തിലുള്ളവരില്‍ 1421 പേര്‍ വീടുകളിലും 50 പേര്‍ ആശുപത്രിയിലും ആണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ നിരീക്ഷണത്തിലുള്ളത് കോഴിക്കോട് ജില്ലയിലാണ്. ആശുപത്രികളിലും വീടുകളിലുമായി 214 പേരാണ് നിരീക്ഷണത്തിലുള്ളത്. ആകെ 39 സാമ്പിളുകള്‍ ഇത് വരെ പരിശോധനക്കായി അയച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഉടനീളം നിരീക്ഷണവും പരിശോധനയും ശക്തമാക്കും.
വൈറസ് ബാധ സ്ഥിരീകരിച്ച തൃശ്ശൂര്‍ ജില്ലയില്‍ 125 പേരാണ് നിരീക്ഷണത്തിലുള്ളത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 12 പേരും ജനറല്‍ ആശുപത്രിയില്‍ മൂന്നു പേരുമാണ് നിരീക്ഷണത്തിലുള്ളത്. രോഗം സ്ഥിരീകരച്ച പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥി മെച്ചപ്പെട്ടിട്ടുണ്ട്. പൂനെയിലേക്ക് പരിശോധനക്ക് അയച്ച പെൺകുട്ടിയുടെ സാമ്പിളിന്റെ രണ്ടാം ഫലം കൂടി ലഭിക്കേണ്ടതുണ്ട്. തൃശൂരില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിക്കൊപ്പം യാത്ര ചെയ്ത മറ്റൊരു വിദ്യാര്‍ഥിനിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. അതിനിടെ ചൈനയിൽ നിന്നുള്ള മലയാളി വിദ്യാർത്ഥി സംഘം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. വുഹാനിൽ നിന്നല്ലാത്തതു കൊണ്ടും കൊറോണ ലക്ഷണങ്ങൾ ഇല്ലാത്തത് കൊണ്ടും പ്രാഥമിക പരിശോധനക്ക് ശേഷം ഇവരെ വീടുകളിലേക്ക് അയച്ചു.