Kerala

ഭരണഘടനാ വിമർശനം കുറ്റകരമല്ല, പക്ഷേ മന്ത്രിയുടെ ഭാഷ അനുചിതമെന്ന് പി ഡി ടി ആചാരി

മന്ത്രി സജി ചെറിയൻ്റെ ഭരണഘടനാവിരുദ്ധ പ്രസ്താവനയിൽ പ്രതികരണവുമായി മുൻ ലോക്സഭാ സെക്രട്ടറി ജനറൽ പി ഡി ടി ആചാരി. ഭരണഘടന വിമർശന വിധേയമാണ്. മന്ത്രി നടത്തിയത് ഭരണഘടനക്കെതിരെയുള്ള അതിരൂക്ഷ വിമർശനം മാത്രം. എന്നാൽ മന്ത്രി ഉപയോഗിച്ച ഭാഷ അനുചിതമാണെന്നും, പ്രസ്താവന ഒഴിവാക്കേണ്ടിയിരുന്നതെന്നും പി ഡി ടി ആചാരി പറഞ്ഞു.

ഭരണഘടനയെ വിമർശിക്കരുതെന്ന് പറയാൻ കഴിയില്ല. എങ്ങനെയൊക്കെ വിമർശിക്കാം എന്നുള്ളത് വ്യക്തി തീരുമാനമാണ്. ഭരണഘടനയെ അപമാനിക്കുന്നത് മാത്രമാണ് കുറ്റകൃത്യം. ശക്തമായ ഭരണഘടനാ വിമർശനത്തെ കുറ്റമായി കാണാൻ കഴിയില്ലെന്ന് നിയമം അനുശാസിക്കുന്നുണ്ട്. മന്ത്രി നടത്തിയത് കുറ്റകൃത്യമായി പറയാൻ കഴിയില്ലെന്നും മന്ത്രിമാരുടെ പ്രസ്താവനയിൽ നിയന്ത്രണങ്ങൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്ന മന്ത്രിയുടെ പ്രസ്താവന വിവാദമായിരുന്നു. ‘ബ്രിട്ടിഷുകാരന്‍ പറഞ്ഞ് തയാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാരൻ എഴുതിവച്ചു. അത് രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും. ചൂഷണത്തെ ഏറ്റവും കൂടുതൽ അംഗീകരിച്ചിട്ടുള്ള ഒരു ഭരണഘടനയാണ് ഇന്ത്യയിൽ’ – ഇതായിരുന്നു മന്ത്രിയുടെ പ്രസ്താവന. പത്തനംതിട്ട മല്ലപ്പള്ളിയിൽ നൂറിന്റെ നിറവിൽ എന്ന പരിപാടിയിൽ സംസാരിക്കവേയാണ് സജി ചെറിയാൻ വിവാദ പരാമർശം നടത്തിയത്.