Kerala

വി.എം സുധീരന്റെ രാജി തള്ളി കോൺഗ്രസ്; രാജി അംഗീകരിച്ചിട്ടില്ലെന്ന് താരിഖ് അൻവർ

വി.എം സുധീരന്റെ രാജി തള്ളി കോൺഗ്രസ് നേതൃത്വം. എഐസിസിയിൽ നിന്നുള്ള രാജിയാണ് നേതൃത്വം തള്ളിയത്. വി.എം സുധീരന്റെ രാജി അംഗീകരിച്ചിട്ടില്ലെന്നും ആശയ വിനിമയ പ്രശ്‌നം മാത്രമെന്നും എഐ സിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ വിശദീകരിച്ചു. അതേസമയം കെപിസിസി പുനഃസംഘടന ഒക്ടോബറിൽ പൂർത്തിയാക്കുമെന്ന് പറഞ്ഞ അദ്ദേഹം സെമി കേഡർ സംവിധാനം ഏർപ്പെടുത്തുന്നത് പാർട്ടിയിൽ ചർച്ചചെയ്ത ശേഷം തീരുമാനിക്കുമെന്നും അറിയിച്ചു.

കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് വി.എം സുധീരൻ രാജിവച്ചത് ശനിയാഴ്ചയാണ്. അതിനു പിന്നാലെ എഐസിസി അംഗത്വവും രാജിവച്ചിരുന്നു. കേരളത്തിലെ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഹൈക്കമാൻഡ് ഫലപ്രദമായി ഇടപെട്ടില്ലെന്നാണ് ആക്ഷേപം. സംസ്ഥാന നേതൃത്വം കൂടിയാലോചനകൾ നടത്തുന്നില്ലെന്നും നേതൃതലത്തിലെ മാറ്റം പ്രതീക്ഷിച്ച ഗുണം ചെയ്യുന്നില്ലെന്നും വി.എം സുധീരൻ പറഞ്ഞു. തീരുമാനങ്ങൾ ഏകപക്ഷീയമാണെന്നും സുധീരൻ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിനിടെ മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുത്തു മുന്നോട്ടു പോകണമെന്നും ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകിയിയിരുന്നു. നേതൃത്വത്തിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാഹചര്യം ഒരുക്കണമെന്ന നിർദേശവും ഹൈക്കമാൻഡ് മുന്നോട്ടു വെച്ചിച്ചിരുന്നു.