ഇന്ധനവിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് ഇന്ന് ചക്രസ്തംഭന സമരം നടത്തും. രാവിലെ 11 മുതല്‍ 11.15വരെയാണ് നേരത്തെ നിശ്ചയിച്ചിട്ടുള്ള സമരകേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ നിശ്ചലമാകും. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മുതല്‍ വെള്ളയമ്പലം വഴി രാജ്ഭവന്‍ വരെയാണ് സമരം.
കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി, പ്രതിപക്ഷ നേതാവ് കെ സുധാകരന്‍ എന്നിവര്‍ സമരത്തില്‍ പങ്കെടുക്കും. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡിസിസിയുടെ നേതൃത്വത്തില്‍ ചക്രസ്തംഭന സമരം സംഘടിപ്പിക്കും. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടോ ഗതാഗത തടസമോ ഉണ്ടാകാത്ത തരത്തിലാകും സമരമെന്ന് കെപിസിസി അറിയിച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന്റെ സമരം. നികുതി കുറയ്ക്കാത്ത സര്‍ക്കാരിനെ പ്രക്ഷോഭങ്ങള്‍ കൊണ്ട് നേരിടുമെന്ന് കെ സുധാകരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
18,355 കോടി രൂപയാണ് ഇന്ധനനികുതിയിനത്തില്‍ സര്‍ക്കാരിനു ലഭിച്ചത്. മോദി സര്‍ക്കാര്‍ ഇന്ധന വിലയും നികുതിയും കൂട്ടിയപ്പോള്‍ അതിനോടൊപ്പം സംസ്ഥാന നികുതി കൂട്ടിയും കേന്ദ്രത്തിന്റെ കൊള്ളമുതലില്‍ പങ്കുപറ്റി. അധികാരം ഇവരെ മത്തുപിടിപ്പിച്ചിരിക്കുകയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തിയിരുന്നു.