Kerala

തൃശൂരിൽ പൊലീസ് കമ്മിഷണർ ഓഫീസിൽ കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം

തൃശൂരിൽ കെ-റെയിൽ വിരുദ്ധ സമരത്തിന്റെ ഭാഗമായി കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ലാത്തിച്ചാർജ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ തൃശൂർ കമ്മിഷണർ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ്സമരം നടത്തുന്നു.

ചാലക്കുടി എം എൽ എ സനീഷ്കുമാർ ജോസഫ് , ഡി.സി.സി പ്രസിഡന്റ് ജോസ്‌ വള്ളൂർ എന്നിവരുടെ നേതൃത്വത്തിലാണ് കുത്തിയിരിപ്പ് സമരം നടത്തുന്നത്. ലാത്തിചാർജിൽ നിരവധി നേതാക്കൾക്ക് പരുക്കേറ്റിരുന്നു.

സിൽവർ ലൈൻ പദ്ധതിക്കെതിരെ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടന്നിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും കെ റെയിലിനെതിരെ പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ജില്ലാകളക്റ്ററേറ്റുകളിലേക്ക് മാർച്ച് നടത്തി. കോഴിക്കോടും തൃശൂരും കോൺഗ്രസിന്‍റെ കളക്ടറേറ്റ് മാർച്ച് സംഘർഷത്തിലെത്തി. കോഴിക്കോട് മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ടി സിദ്ധീഖ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി.

തൃശൂരിലും പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായി. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. ലാത്തിച്ചാർജിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കണം എന്നാവശ്യപ്പെട്ട് വെസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. പാലക്കാട് പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.