Kerala

കോട്ടയത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയ തര്‍ക്കങ്ങള്‍ പരിഹരിക്കാനാകാതെ കോണ്‍ഗ്രസ്

കോട്ടയത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനാകാതെ കോണ്‍ഗ്രസ്. ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷനില്‍ മാത്രം കോണ്‍ഗ്രസില്‍ നിന്ന് നാല് വിമതരാണ് പത്രിക നല്‍കിയത്. ഭരണങ്ങാനം ഡിവിഷനില്‍ ഉള്‍പ്പെടെ ഇടതു മുന്നണിയിലും വിമത സ്ഥാനാര്‍ത്ഥികളുണ്ട്.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പുറത്തുവിട്ട ലിസ്റ്റ് പ്രകാരം റോയ് കപ്പലുമാക്കല്‍ ആണ് ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷനിലെ സ്ഥാനാര്‍ത്ഥി. ഇതിനു പുറമേ നാല് പേരാണ് ഇതേ ഡിവിഷനില്‍ കോണ്‍ഗ്രസില്‍ നിന്ന് പത്രിക നല്‍കിയത്. സിസി സെക്രട്ടറി പ്രകാശ് പുളിക്കന്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ബിനു മറ്റക്കര, ഫെമി മാത്യു, ഷെഹിന്‍ഷാ എന്നിവരാണ് വിമതര്‍. മറ്റ് തദ്ദേശ സ്ഥാപനങ്ങളിലും കോണ്‍ഗ്രസ് വിമതര്‍ നിരവധിയാണ്.

ഇടതുമുന്നണിയിലും വിമത ശല്യമുണ്ട്. ഭരണങ്ങാനത്ത് ജോസ് വിഭാഗത്തിലെ സിറ്റിംഗ് അംഗം പെണ്ണമ്മ ജോസഫ് വിമതയായി പത്രിക നല്‍കി. രാജേഷ് വാളിപ്ലാക്കല്‍ ആണ് ഇവിടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി. കോട്ടയം നഗരസഭയിലും, നീണ്ടൂര്‍ പഞ്ചായത്തിലും എല്‍ഡിഎഫ് വിമതര്‍ ഉണ്ട്. ഐക്യകണ്‌ഠേന ഉള്ള സ്ഥാനാര്‍ഥി നിര്‍ണയം ആണ് ഉണ്ടായതെന്ന് എല്‍ഡിഎഫും യുഡിഎഫും അവകാശപ്പെടുമ്പോഴും, വിമതര്‍ വെല്ലുവിളി ഉയര്‍ത്തുന്നു. അടിയന്തര ഇടപെടല്‍ നടത്തി റിബല്‍ സ്ഥാനാര്‍ഥികളുടെ പത്രിക പിന്‍വലിപ്പിക്കാന്‍ ഇടത് വലത് മുന്നണികള്‍ ചര്‍ച്ച തുടരുകയാണ്.