കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ മര്‍ദന ദൃശ്യങ്ങള്‍ പുറത്തായതിന് പിന്നില്‍ പൊലീസുകാര്‍ക്കിടയിലെ ഭിന്നതയെന്ന് സൂചന. ആരോപണവിധേയനായ ഗ്രേഡ് എസ്‌ഐ പ്രകാശ് ചന്ദ്രനെ ഒറ്റപ്പെടുത്തി ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് സൂചന. അതേസമയം പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും വേണമെന്ന ആവശ്യവുമായി പരാതിക്കാരന്‍ വിഘ്‌നേഷ് രംഗത്തെത്തിയിട്ടുണ്ട്.
സൈനികന്‍ പൊലീസുകാരെ മര്‍ദിക്കുന്നുവെന്ന തരത്തിലാണ് വിഡിയോ പ്രചരിച്ചത്. മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി തയാറാക്കിയ ദൃശ്യങ്ങളുടെ പേരില്‍ പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പൊലീസ് സ്‌റ്റേഷനില്‍ സൈനികനും സഹോദരനും ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ വീണ്ടും ന്യായീകരിക്കാനുള്ള ശ്രമങ്ങളാണ് പൊലീസ് നടത്തിവരുന്നത്. സൈനികനും സഹോദരനും സ്റ്റേഷന് അകത്തു കയറി സ്റ്റേഷന്‍ റൈറ്ററുടെ തലയടിച്ചു പൊട്ടിക്കുകയും മൂക്കിന്റെ പാലം തകര്‍ക്കുകയും ചെയ്തു എന്നാണ് പ്രചാരണം. പ്രതികളെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു. എസ് ഐ അനീഷ് ആണ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ വോയിസ് സന്ദേശം അയച്ചത്.